സ്വപ്നങ്ങൾക്കു‘മേൽപ്പാലം’ വരുന്നു

മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണജോലികൾ തുടങ്ങിയപ്പോൾ


കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. പാലത്തിന്റെ രൂപഘടന സംബന്ധിച്ച് മദ്രാസ് ഐഐടിയിൽനിന്ന്‌ അന്തിമഅംഗീകാരം ലഭിച്ചതോടെയാണ് എസ്‌പിഎൽ കമ്പനി നിർമാണം ആരംഭിച്ചത്‌. 13 പില്ലർ പോയിന്റാണ്‌ മേൽപ്പാലത്തിന്‌ ഉണ്ടാകുക. ഇവിടെ ഒന്നരമീറ്റർ ആഴത്തിൽ പൈലിങ്‌ പരിശോധന പൂർത്തിയാക്കി പില്ലർ പോയിന്റുകൾ നിശ്ചയിച്ചു. നിർമാണത്തിന്‌ ആവശ്യമായ ആധുനിക ഉപകരണങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നു. പ്രദേശത്തെ വൈദ്യുതി, ടെലിഫോൺ ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവർത്തനവും അവസാനഘട്ടത്തിലാണ്‌. 547 മീറ്റർ നീളത്തിലും 10.15 മീറ്റർ വീതിയിലുമാണ്‌ മാളിയേക്കൽ 555–--ാം നമ്പർ ലെവൽക്രോസിൽ പാലം നിർമാണം. രണ്ട് ലെയിൻ റോഡും നടപ്പാതയുമുണ്ടാകും. മേൽപ്പാലത്തിന് പുറമെ ഇരുവശങ്ങളിലും സർവീസ് റോഡും നിർമിക്കും. അഞ്ചുമീറ്റർ വീതിയിൽ നിർമിക്കുന്ന സർവീസ് റോഡിന്‌ ഓടയും നടപ്പാതയും ഉണ്ടാകും.  പാലം നിർമാണത്തിന്‌ മാളിയേക്കൽ ലെവൽ ക്രോസ് പൂർണമായും അടച്ചിടേണ്ടി വരും. ഇതിനായി റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് കോർപറേഷൻ റെയിൽവേയ്ക്ക് കത്തുനൽകി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആർ രാമചന്ദ്രൻ എംഎൽഎയുടെ ഇടപെടലിലാണ്‌ പാലം നിർമാണത്തിന്‌ വഴിയൊരുങ്ങിത്‌. സംസ്ഥാന സർക്കാർ 33.04 കോടി രൂപയാണ്‌ പാലം നിർമാണത്തിന്‌ കിഫ്‌ബി വഴി അനുവദിച്ചത്‌. 11.52 കോടി ചെലവിലാണ് 44 ഭൂവുടമകളിൽനിന്നായി സ്ഥലം ഏറ്റെടുത്തത്. ഗതാഗത നിയന്ത്രണം 
ഏർപ്പെടുത്തി മേൽപ്പാലം നിർമാണം നടക്കുന്നതിനാൽ ഞായർ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കരുനാഗപ്പള്ളിയിൽനിന്ന്‌ ശാസ്താംകോട്ട ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ആലുംമൂട്ടിൽനിന്ന്‌ തിരിഞ്ഞ് റെയിൽവേ സ്റ്റേഷനു സമീപത്തെ ലെവൽ ക്രോസ് വഴി ഇടക്കുളങ്ങര ക്ഷേത്രം, വെളുത്തമണൽ വഴി മാരാരിത്തോട്ടം വഴി പോകണം. ശാസ്താംകോട്ടയിൽനിന്നു കരുനാഗപ്പള്ളിയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ മിടുക്കൻമുക്കിൽനിന്നു തിരിഞ്ഞ് ചാമ്പക്കടവ് പാലം, കുറ്റിവട്ടം വഴിയും  ചെറിയ വാഹനങ്ങൾ മിടുക്കൻമുക്കിൽനിന്ന്‌ സ്കൂൾ ജങ്‌ഷൻ, കോട്ടവീട്ടിൽ ജങ്‌ഷൻ വഴിയും സഞ്ചരിക്കണം. പാലം പണിക്കായി 
ആധുനിക റോഡ് മുൻ എംഎൽഎ ആർ രാമചന്ദ്രന്റെ വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച്‌ കോട്ടവീട്ടിൽ ജങ്‌ഷൻ–- സ്‌കൂൾ ജങ്‌ഷൻ റോഡ്‌ ആധുനിക രീതിയിൽ പുനർനിർമിച്ചു.  പാലം നിർമാണം തുടങ്ങുമ്പോൾ ഗതാഗത തടസ്സമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ്‌ പുതിയ റോഡ്‌ നിർമിച്ചത്‌. Read on deshabhimani.com

Related News