കല്ലുവാതുക്കലിൽ ബിജെപി ബന്ധം ഉപേക്ഷിച്ച്‌ 
മുപ്പതോളം പേർ ചെങ്കൊടിയേന്തി

ബിജെപി–- ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചെത്തിയവരെ പാർടിപതാക നൽകി സിപിഐ എം ലോക്കൽ സെക്രട്ടറി എസ് ധർമപാലൻ സ്വീകരിക്കുന്നു


ചാത്തന്നൂർ  ജില്ലയിൽ ബിജെപി ഭരണം കൈയാളുന്ന ഏക പഞ്ചായത്തായ കല്ലുവാതുക്കലിലെ വരിഞ്ഞം ശങ്കരവയലിൽ ആർഎസ്എസ്–-ബിജെപി ബന്ധം ഉപേക്ഷിച്ച് മുപ്പതോളം പേർ ചെങ്കൊടിയേന്തി.  യുവമോർച്ച കല്ലുവാതുക്കൽ മേഖലാ വൈസ് പ്രസിഡന്റ് എസ് സുനിൽ, ജോയിന്റ് സെക്രട്ടറി വി ആർ വിഷ്ണു, ദിലീപ്, വിനീത്, വിമൽ, ബിജെപി കല്ലുവാതുക്കൽ ടൗൺ ബൂത്ത് പ്രസിഡന്റ് സുകുമാരപിള്ള ഉൾപ്പെടെയുള്ളവരാണ്‌ സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.  നേതാക്കളുടെ സ്വജനപക്ഷ നിലപാടുകളിലും കുഴൽപ്പണ വിവാദങ്ങളിലും പ്രതിഷേധിച്ചാണ് ബിജെപി, ആർഎസ്എസ്  ബന്ധം ഉപേക്ഷിച്ചതെന്നും കൂടുതൽപേർ ബന്ധം ഉപേക്ഷിച്ചുവരുമെന്നും ഇവർ പറഞ്ഞു. സ്വീകരണ യോഗം സിപിഐ എം ലോക്കൽ സെക്രട്ടറി എസ് ധർമപാലൻ ഉദ്ഘാടനംചെയ്തു. ചന്ദ്രവയൽ ബ്രാഞ്ച് സെക്രട്ടറി ജോർജുകുട്ടി അധ്യക്ഷനായി. ലോക്കൽകമ്മിറ്റി അംഗം വി സലീം, ബി തുളസീധരൻ, എസ് സേതുലാൽ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആദർശ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News