70 വ്യാപാരികൾക്ക് 
നഷ്ടപരിഹാരം നൽകി

ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കും ഇടയിൽ നിർമാണം പുരോഗമിക്കുന്ന സർവീസ് റോഡ്


കരുനാഗപ്പള്ളി  പാതയോരത്ത് വാടകയ്ക്ക് കച്ചവടം നടത്തിവന്നിരുന്ന വ്യാപാരികൾക്കു ദേശീയപാത വികസനത്തിന്റെ ഭാഗമായി നൽകുന്ന നഷ്ടപരിഹാരത്തുക ഇതുവരെ 70 പേർക്കു കൈമാറി. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 2100 വ്യാപാരികളാണ് ഉള്ളത്. ഓച്ചിറ മുതൽ കാവനാട് വരെ 1100 വ്യാപാരികളും കാവനാട് മുതൽ കടമ്പാട്ടുകോണം വരെ 1000 വ്യാപാരികളും ആണ് നഷ്ടപരിഹാരത്തിന് അർഹരായിട്ടുള്ളത്. ഇതിൽ വലിയ കടകളിൽ കച്ചവടം നടത്തിവന്നിരുന്നവർക്ക് 75,000 രൂപയും ചെറിയ കടകളിൽ കച്ചവടം നടത്തിവന്നിരുന്നവർക്ക് 25,000 രൂപയും ആണ് നഷ്ടപരിഹാരമായി നൽകുക. വരും ദിവസങ്ങളിൽ കൂടുതൽ വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാകും. ഇതിനായി ദേശീയപാത അതോറിറ്റി സ്ഥലം ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർക്ക് 19 കോടി രൂപ കൈമാറിയിരുന്നു.  കെട്ടിടം ഉടമകൾക്കും ഭൂവുടമകൾക്കുമുള്ള നഷ്ടപരിഹാരം നേരത്തെ കൈമാറിയിരുന്നു. 5100 കെട്ടിടത്തിൽ 250 എണ്ണം ഒഴികെ ബാക്കിയുള്ളതെല്ലാം പൊളിച്ചുനീക്കി. കെട്ടിടങ്ങൾ ഒഴിയുന്നതിനുള്ള കാലാവധി കഴിഞ്ഞ 30ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഏറ്റെടുത്ത സ്ഥലങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം ലെയ്സൺ ഓഫീസർ എം കെ റഹ്മാൻ പറഞ്ഞു.  ദേശീയപാതയ്ക്കായി പൂർണമായും ഏറ്റെടുത്ത സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെയുള്ള ഭാഗത്ത് പുത്തൻതെരുവ്, വവ്വാക്കാവ് പ്രദേശങ്ങളിൽ സർവീസ് റോഡിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. താഴ്ന്ന ഭാഗങ്ങൾ മണ്ണിട്ട് ഉയർത്തി മെറ്റൽ വിരിക്കുന്ന പ്രവർത്തനം പൂർത്തീകരിച്ചു. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായാൽ നിലവിലുള്ള ഗതാഗതം ഈ റോഡുകൾ വഴിയാക്കും. തുടർന്ന് ആറുവരിപ്പാതയുടെ നിർമാണത്തിനായി നിലവിലുള്ള ദേശീയപാത പൂർണമായും അടയ്ക്കും. വൈദ്യുതിതൂണുകൾ  മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനവും ഉടൻ ആരംഭിക്കും. Read on deshabhimani.com

Related News