ആശ്രാമം ഇഎസ്ഐ ആശുപത്രി സ്വകാര്യവൽക്കരണം: സിഐടിയു മാർച്ച്‌ നാളെ



കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രി പൊതു ‐ സ്വകാര്യ പങ്കാളിത്തം വഴി നടത്തിയിരുന്ന ഷീൽ ഐസിയുവിൽ തൊഴിലാളികൾക്ക് ചികിത്സ നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് സിഐടിയു പ്രത്യക്ഷ സമരത്തിലേക്ക്‌. ബുധനാഴ്‌ച  തൊഴിലാളികൾ ഇഎസ്ഐ ആശുപത്രിയിലേക്ക് മാർച്ച് നടത്തും. രാവിലെ 10നു‌ നടക്കുന്ന പ്രതിഷേധ മാർച്ച് കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും.  കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആശ്രാമം ഇഎസ്ഐ ആശുപത്രിയിലെ ഐസിയു വിഭാഗം നടത്തിപ്പിനായി ഉത്തർപ്രദേശിലെ ബറേലി ആസ്ഥാനമായുള്ള ഷീൽ നേഴ്സിങ്‌  ഹോം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഐസിയു പ്രവർത്തിച്ചുവന്നത്. ഇഎസ്ഐ കൃത്യമായി പണം നൽകുന്നുണ്ടെങ്കിലും രോഗികൾക്ക്  മരുന്നും  പരിചരണവും സ്വകാര്യ ഏജൻസി ലഭ്യമാക്കുന്നില്ലെന്ന്‌  വ്യാപക പരാതിയുണ്ട്‌.  സ്വകാര്യ ഏജൻസിയുടെ അനാസ്ഥയെക്കുറിച്ച് കൂടുതൽ പരാതികൾ ഉയർന്നതോടെ അറിയിപ്പ്‌  കൂടാതെ ഐസിയു നടത്തിപ്പിൽനിന്നു സ്വകാര്യ ഏജൻസി പിന്മാറി. കുടിശ്ശിക ശമ്പളവും വിതരണം ചെയ്തിട്ടില്ല. സ്വകാര്യ ഏജൻസി പിന്മാറിയതിനാൽ  ഐസിയു സേവനം ആവശ്യമുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്‌.  പിപിപി പദ്ധതി വഴിയുള്ള സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും രോഗീപരിചരണം കാര്യക്ഷമമാക്കണമെന്നും സ്വകാര്യ ഏജൻസി പിരിച്ചുവിട്ട ജീവനക്കാരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സിഐടിയു സമരം പ്രഖ്യാപിച്ചത്. കാഷ്യൂ തൊഴിലാളികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ ഇഎസ്ഐ ഗുണഭോക്താക്കൾ മാർച്ചിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ്‌  ജയമോഹനും അറിയിച്ചു. Read on deshabhimani.com

Related News