കലിതുള്ളി പേമാരി

ആയൂർ–-അഞ്ചൽ റോഡിൽ പെരിങ്ങള്ളൂരിൽ റോഡ് ഇടിഞ്ഞ നിലയിൽ


കൊല്ലം അറബിക്കടലിലെ ശക്തമായ ന്യൂനമർദ്ദത്തെ തുടർന്ന്‌ തകർത്തുപെയ്യുന്ന മഴ ജില്ലയിൽ വ്യാപക നാശം വിതച്ചു. കല്ലടയാറും അച്ചൻകോവിലാറും കഴുതുരുട്ടിയാറും ഇത്തിക്കരയാറും പള്ളിക്കലാറും പലയിടങ്ങളിലും കുത്തിയൊഴുകി. വൃഷ്ടിപ്രദേശമായ ശംഖിലി വനത്തിൽ കനത്തമഴ തുടരുന്നതിനാൽ ജലനിരപ്പ്‌ ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ മൂന്ന്‌ ഷട്ടറുകൾ 80 സെന്റീ മീറ്റർ ഉയർത്തി. കല്ലട ആറിന്റെ ഇരുകരകളിലും ഉള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്‌.  കിഴക്കൻ മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിലാണ്‌. പലയിടത്തും മണ്ണിടിഞ്ഞു. ശക്തമായ കാറ്റിലും മഴയിലും മരം വീണ്‌ നിരവധി വീടുകൾ ഭാഗികമായും പൂർണമായും തകർന്നു. ദേശീയ, സംസ്ഥാനപാതകൾ ഉൾപ്പെടെ മിക്ക റോഡും വെള്ളത്തിലായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കൊല്ലം –-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയത്ത്‌ മരംവീണു. അഞ്ചൽ –-ആയൂർ പാതയിൽ കോഴിപ്പാലത്തിനു സമീപം റോഡ്‌ ഇടിഞ്ഞുതാഴ്‌ന്നു. ഇത്തിക്കരയാറിനോട് ചേർന്ന താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. എംസി റോഡിൽ വാളകം ജങ്‌ഷനിൽ വെള്ളംകയറി. ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്‌. ആവണീശ്വരത്ത്‌ വയലിനോട്‌ ചേർന്ന വീടുകളിലേക്ക്‌ വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന്‌ 14 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. മീമാത്തിൻകുന്ന്‌ ഭാഗത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്‌. പള്ളിക്കലാറ്‌ കരകവിഞ്ഞതോടെ പാവുമ്പ, ചുരുളി, തൊടിയൂർ പാലം എന്നിവിടങ്ങളും വെള്ളത്തിലാണ്‌. Read on deshabhimani.com

Related News