ഡോക്ടർക്ക്‌ മർദനം: പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറസ്റ്റിൽ

എസ്‌ ശ്രീകുമാർ


ശാസ്താംകോട്ട  ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ ഡോക്ടർ ഗണേഷിനെ മർദിച്ച കേസിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൾപ്പെടെ രണ്ട് കോൺഗ്രസ്‌ നേതാക്കൾ അറസ്റ്റിൽ. ശൂരനാട്‌ വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ് ശൂരനാട് മണ്ഡലം പ്രസിഡന്റുമായ എസ്‌ ശ്രീകുമാർ, യൂത്ത്‌ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ നിതിൻ കല്ലട എന്നിവരാണ്‌ അറസ്റ്റിലായത്‌. ആശുപത്രി സൂപ്രണ്ട്‌ ഷഹാന മുഹമ്മദിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ ഒളിവിലാണ്‌. അറസ്റ്റിനു പിന്നാലെ ഒപി ബഹിഷ്‌കരിച്ചു സമരത്തിലായിരുന്ന ഡോക്ടർമാർ ഡ്യൂട്ടി പുനഃരാരംഭിച്ചു.   വ്യാഴാഴ്ച രാത്രി 8.30നാണ്‌ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആക്രമണം അരങ്ങേറിയത്‌. കിണറ്റിൽവീണു മരിച്ച ശൂരനാട് വടക്ക് സ്വദേശിനിയായ സരസമ്മ (85)യുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയ എസ്‌ ശ്രീകുമാറും കൂടെയുണ്ടായിരുന്നവരും ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു. ആംബുലൻസിൽ കയറി മൃതദേഹ പരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ഡോക്ടറുടെ ഫോണും തട്ടിയെറിഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ ആശുപത്രി സൂപ്രണ്ട്‌ ഷഹാന മുഹമ്മദിനെ ഫോണിൽ വിളിച്ചു പുറത്തുനേരിടുമെന്ന്‌ ഭീഷണിപ്പെടുത്തുകയുംചെയ്‌തു. തുടർന്ന്‌ ഏഴുപേർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ്‌ പൊലീസ്‌ കേസെടുത്തത്‌. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്‌ ആരോഗ്യ മന്ത്രി വീണാജോർജും അറിയിച്ചിരുന്നു. അറസ്റ്റ് ഭയന്ന്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശ്രീകുമാറും നിതിനും  ശനിയാഴ്‌ച ഡിസ്‌ചാർജായതിനു പിന്നാലെയാണ്‌ അറസ്റ്റിലായത്‌.  പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ കെജിഎംഒഎ നേതൃത്വത്തിൽ ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ച്‌ സമരത്തിലായിരുന്നു. അത്യാഹിത വിഭാഗത്തിലിരുന്ന്‌ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. Read on deshabhimani.com

Related News