സഹകരണ ആശുപത്രി ക്ലസ്റ്റര്‍ വേണമെന്ന് കോണ്‍ക്ലേവ്

സഹകരണ ആശുപത്രി കോൺക്ലേവിൽ സഹകരണ സെക്രട്ടറി മിനി ആന്റണി സംസാരിക്കുന്നു


കൊല്ലം ആരോഗ്യരംഗത്ത് സഹകരണ ആശുപത്രികളുടെ സാധ്യതകൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്ത് സഹകരണ ആശുപത്രി കോൺക്ലേവ്. എൻ എസ് സഹകരണ ആശുപത്രിയിലാണ് മേഖലയിലെ പ്രവർത്തന പരിഷ്‌കരണം സംബന്ധിച്ച ചർച്ച നടന്നത്.  ആരോഗ്യമേഖലയിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ സഹകരണ സെക്രട്ടറി മിനി ആന്റണി ചർച്ച നയിച്ചു. സഹകരണ സംഘശക്തിയെ ആരോഗ്യരംഗത്തെ ചാലകശക്തിയായി മാറ്റണമെന്നും  സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി പൊതുമാർഗ നിർദേശങ്ങൾ രൂപീകരിക്കപ്പെടണമെന്നും അവർ പറഞ്ഞു. സഹകരണ ആശുപത്രികളുടെ സംസ്ഥാനത്തെ അപ്പക്‌സ് സ്ഥാപനമായ കേരള സഹകരണ ആശുപത്രി ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംഘങ്ങളുടെ നേതൃ പ്രവർത്തനങ്ങൾ ഏകോപിച്ച് കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. സഹകരണ ആരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ സംവിധാനം എന്നിവയെ അടിസ്ഥാനമാക്കി ആശുപത്രികളെ തരംതിരിക്കുന്ന രീതിയാണ് കൂടുതൽ നല്ലത്. ഇടത്തരം ആശുപത്രികളിൽനിന്ന് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സഹകരണ ആശുപത്രിയിലേക്ക് രോഗികളെ നേരിട്ട് റഫർ ചെയ്യുന്ന സംവിധാനവും വേണം. ക്ലസ്റ്റർ രൂപീകരിക്കുന്നതിന്റെ സാധ്യതകൾക്ക് പ്രത്യേക പരിഗണന നൽകണം. പ്രതിസന്ധി നേരിടുന്ന സഹകരണ ആശുപത്രികൾക്ക് ഫെഡറേഷൻ നേതൃത്വത്തിൽ പിന്തുണ ഉറപ്പാക്കണമെന്ന നിർദേശവും ഉയർന്നു. പ്രാദേശികതലത്തിൽ ശക്തമായ അടിത്തറയുള്ള സഹകരണമേഖലയ്ക്ക് സാമൂഹ്യ ഇടങ്ങളിൽ കാര്യമായ ഇടപെടൽ നടത്താനാകുമെന്നും കോൺക്ലേവ് വിലയിരുത്തി. ഫെഡറേഷൻ ചെയർമാൻ അഡ്വ. കെ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. മുൻ എംപി പി രാജേന്ദ്രൻ, മുൻ എംഎൽഎമാരായ കെ കെ ലതിക, രാജു എബ്രഹാം, സഹകരണ സംഘം രജിസ്ട്രാർ അലക്‌സ് വർഗീസ്, പി കെ സൈനബ, ടി കെ പൊറിഞ്ചു, കെ എൻ മോഹനൻ നമ്പ്യാർ, എ മാധവൻപിള്ള, എം അബ്ദുൽ ഹലീം തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News