സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ
നീക്കം ഉപേക്ഷിക്കണം: സിപിഐ എം



കൊല്ലം കരിമണൽ ഖനനം പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യവൽക്കരണത്തിനെതിരെ കെഎംഎംഎൽ തൊഴിലാളികളും ജീവനക്കാരും നടത്തുന്ന പ്രക്ഷോഭത്തിന് പാർടി പിന്തുണ പ്രഖ്യാപിച്ചു. നാടിന്റെ  ധാതുസമ്പത്ത് പൊതുനന്മയ്ക്കായി നിലനിർത്തുന്നതിനു പകരം പൊതുമേഖലയിലുള്ള വ്യവസായത്തെയാകെ തകർക്കാനേ നിയമഭേദഗതി ഉപകരിക്കൂ. 1957ലെ മൈൻസ് ആൻഡ്‌ മിനറൽസ് ആക്ട്‌ പ്രകാരം കേരളത്തിലെ തീരപ്രദേശത്ത് കാണുന്ന ധാതുക്കൾ ഖനനം നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. നിലവിലുള്ള നിയമപ്രകാരം ഈ  ധാതുക്കളുടെ ഖനനാവകാശം പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ്. കേന്ദ്രനയത്തിൽ വന്ന മാറ്റത്തിലൂടെ കരിമണൽ മേഖല പൂർണമായും സ്വകാര്യമേഖലയ്‌ക്കു തുറന്നുകൊടുക്കുകയാണ്‌. ആണവോർജ കമീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണ് ആണവ ധാതുവിഭവംകൊണ്ട് സമ്പന്നമായ കരിമണൽ. വേദാന്ത, അദാനി തുടങ്ങിയ ഒട്ടേറെ കമ്പനികളാണ് സ്വകാര്യ മേഖലയ്ക്കുവേണ്ടി രംഗത്തുള്ളത്. ചവറയിലെ കെഎംഎംഎൽ കേരളത്തിൽ ഏറ്റവും വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്. സ്ഥാപനത്തെ തകർക്കുന്ന കേന്ദ്രനയത്തിനെതിരെ നടക്കുന്ന സമരം വിജയിപ്പിക്കുമെന്ന്‌ ജില്ലാ സെക്രട്ടറി എസ് സുദേവൻ പ്രസ്‌താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News