ഇതാ സന്തോഷം

സന്തോഷ്‌ ട്രോഫി വിജയികളായ കേരള ടീമിന്‌ 
കൊട്ടാരക്കരയിൽ നൽകിയ സ്വീകരണം


കൊട്ടാരക്കര എഴുപത്തിയഞ്ച-ാമത് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന്‌ കഥകളിയുടെ മണ്ണിൽ ആവേശോജ്വല സ്വീകരണം. കലാശപ്പോരിൽ ബംഗ്ലാ വീര്യത്തെ മറികടന്ന്‌ ഏഴാം കിരീടത്തിൽ മുത്തമിട്ട താരങ്ങളെ കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊട്ടാരക്കരയുടെ വീഥികളിൽ തടിച്ചുകൂടിയിരുന്നു. ധനമന്ത്രി കെ എൻ ബാല​ഗോപാലിന്റെ നേതൃത്വത്തിലാണ് ടീം അം​ഗങ്ങളെ കൊട്ടാരക്കരയിലേക്ക് വരവേറ്റത്.  കൊട്ടാരക്കര രവിന​ഗറിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര പുലമൺ ജങ്‌ഷൻ, താലൂക്കാശുപത്രി ജങ്‌ഷൻ വഴി ചന്തമുക്കിലെ മുനിസിപ്പൽ ​ഗ്രൗണ്ടിൽ സമാപിച്ചു. വാദ്യമേളങ്ങൾ, റോളർ സ്കേറ്റിങ്, അശ്വാരൂഢം, മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെ ടീം അം​ഗങ്ങളെയും സന്തോഷ് ട്രോഫിയും തുറന്ന വാഹനത്തിൽ ആനയിച്ചു. സ്വീകരണസമ്മേളനം മന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്തു.  കായിക താരങ്ങൾക്ക് പ്രോൽസാഹനമേകാൻ കർമപദ്ധതികൾ നടപ്പാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ എ ഷാജു അധ്യക്ഷനായി. കെ ഉണ്ണികൃഷ്ണമേനോൻ സ്വാ​ഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, വൈസ് പ്രസിഡന്റ് സുമാലാൽ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എസ് ആർ രമേശ്, സുജ അച്ചൻകുഞ്ഞ്, ജി സുഷമ, കേരള ക്രിക്കറ്റ് താരം വി എ ജ​ഗദീശ്, സിനിമ നിർമാതാവ് ബൈജു അമ്പലക്കര, ​ഗീവർ​ഗീസ് യോഹന്നാൻ എന്നിവർ സംസാരിച്ചു. മുൻ ഇന്ത്യൻ താരങ്ങളായ യു ഷറഫലി, കുരികേശ് മാത്യു, കെ ടി ചാക്കോ, കെ അജയൻ എന്നിവരെയും സൽമാൻ കുറ്റിക്കാടിനെയും ആദരിച്ചു. Read on deshabhimani.com

Related News