പഞ്ചായത്ത്‌ പ്രസിഡന്റിന്റെ 
മർദനത്തിൽ ഡോക്ടർക്ക്‌ പരിക്ക്‌

കോൺഗ്രസ്‌ ആക്രമണത്തിൽ കൈക്ക്‌ പരിക്കേറ്റ ശാസ്‌താംകോട്ട താലൂക്ക്‌ ആശുപത്രിയിലെ ഡോക്ടർ ഗണേഷ്‌


ശാസ്താംകോട്ട  താലൂക്കാശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു. ശൂരനാട്‌ വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഡോ. ഗണേഷിനെയാണ്‌ മർദിച്ചത്‌. പരിക്കേറ്റ ഇദ്ദേഹത്തെ  കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  വ്യാഴം രാത്രി എട്ടിനായിരുന്നു ആക്രമണം. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് നിഥിൻ കല്ലട എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശാസ്‌താംകോട്ട പൊലീസ്‌ കേസെടുത്തു.   കിണറ്റിൽ വീണുമരിച്ച ശൂരനാട് വടക്ക് സ്വദേശിനി സരസമ്മ (85) യുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ്‌ ഡ്യൂട്ടി ഡോക്ടറെ പുറത്തേക്കു വിളിച്ചു. ആംബുലൻസിൽ കയറി  മരണം സ്ഥിരീകരിക്കണം എന്നായിരുന്നു ആവശ്യം.  അസ്വാഭാവിക മരണം ആയതിനാൽ പൊലീസിനെ അറിയിക്കണമെന്ന്‌ ഡോക്ടർ പറഞ്ഞത്‌ ശ്രീകുമാറിന്‌ ഇഷ്ടമായില്ല. തുടർന്ന്‌ പ്രസിഡന്റ്‌ ഫോണിൽ അറിയിച്ചതിനെ തുടർന്ന്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ തുണ്ടിൽ നൗഷാദ്‌, നിഥിൻ കല്ലട എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ആശുപത്രിയിൽ ആക്രമണം നടത്തി. വിവരമറിഞ്ഞെത്തിയ പൊലീസിനെയും പിടിച്ചുതള്ളി. ഇതിനിടെയാണ്‌ ഡോക്ടറെ മർദിച്ചത്‌. അദ്ദേഹത്തിന്റെ ഫോണും തട്ടിയിട്ടു. പിന്നീട്‌ ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ ആശുപത്രി സൂപ്രണ്ട്‌ ഷഹാന മുഹമ്മദിനെ ഫോണിൽ വിളിച്ച്‌ പുറത്തു കൈകാര്യം ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തി.  ആശുപത്രിയിലുണ്ടായ ആക്രമണം, ഫോണിലുള്ള ഭീഷണി എന്നിവയിൽ ആശുപത്രി അധികൃതർ ശാസ്‌താംകോട്ട പൊലീസിൽ പരാതി നൽകി.  ആക്രമണത്തിൽ പ്രതിഷേധിച്ച്‌  താലൂക്കാശുപത്രിയിലെ ഡോക്ടർമാർ വെള്ളിയാഴ്‌ച  ഒപി ബഹിഷ്‌കരിച്ചു.  ആശുപത്രി സംരക്ഷണ നിയമം ചുമത്തി കുറ്റവാളികളെ അറസ്റ്റുചെയ്യുംവരെ താലൂക്കാശുപത്രിയിൽ ഒപി ബഹിഷ്കരിക്കുമെന്ന്‌ കെജിഎംഒഎ അറിയിച്ചു. സംഭവത്തിൽ ഐഎംഎ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. Read on deshabhimani.com

Related News