പന്ത്രണ്ട്‌ വർഷം വീട്ടിനുള്ളിൽ, വീണ്ടും പുറംലോകം കണ്ടു; യൂസഫ്‌ പെരുത്ത്‌ സന്തോഷത്തിലാണ്‌

യൂസഫ് മോട്ടോർ റൈസ്ഡ് വീൽച്ചെയറിൽ. ജില്ലാ പഞ്ചായത്ത്‌ അംഗം പി അനന്തു സമീപം


കുന്നിക്കോട്> പന്ത്രണ്ട്‌ വർഷം വീട്ടിനുള്ളിൽ കഴിച്ചുകൂട്ടിയ യൂസഫ്‌ വീണ്ടും പുറംലോകം കണ്ടു. സ്വയം നിയന്ത്രിക്കാവുന്ന വീൽച്ചെയറിൽ വീടിനു പുറത്തിറങ്ങി. പെരുത്ത്‌ സന്തോഷത്തിലാണ്‌ ഈ അറുപത്തിയഞ്ചുകാരൻ. ജില്ലാ പഞ്ചായത്ത് നൽകിയ ജിയോ സ്റ്റിക്ക് ഓപ്പറേറ്റഡ് മോട്ടോർ റൈസ്ഡ് വീൽചെയറിലാണ്‌ ഇനി യൂസഫിന്റെ യാത്ര.    ആവണീശ്വരം ബീനാ മൻസിലിൽ യൂസഫ്കുഞ്ഞിന്‌ ഡ്രൈവറായിരിക്കെ നടുവേദന ഉണ്ടായതാണ്‌ തുടക്കം. സെർവിക്കൽ സിൻഡ്രം ആണെന്ന്‌ പിന്നീട്‌ അറിഞ്ഞു. കിടപ്പാടം വിറ്റുവരെ ചികിത്സതേടിയെങ്കിലും വാടക വീടിന്റെ ചുവരുകൾക്ക് പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പ്രാഥമികാവശ്യങ്ങൾപോലും പരസഹായത്താലാണ് നിർവഹിക്കുന്നത്‌.    ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ വീൽച്ചെയറിനാണ്‌ അപേക്ഷിച്ചത്‌. മോട്ടോർ ചെയറാണ്‌ യൂസഫിന്‌ ലഭിച്ചത്‌. ജില്ലാ പഞ്ചായത്ത്അംഗം പി അനന്തുവും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്അംഗം സി സജീവനും ചേർന്ന്‌ മോട്ടോർ റൈസ്ഡ് വീൽചെയർ യൂസഫിന് കൈമാറി. ഇളമ്പൽ എലിക്കോട് സിമി ഭവനിൽ സന്ധ്യയ്ക്കും മോട്ടോർ റൈസ്ഡ് വീൽച്ചെയർ വിതരണംചെയ്തു. സി വിജയൻ, ബി വിഷ്ണു, ഗിരീഷ്തമ്പി, എ വഹാബ്, അൻവർ എന്നിവരും ഒപ്പമുണ്ടായിരുന്നു.  Read on deshabhimani.com

Related News