പാർലമെന്ററി സംവിധാനത്തെ പ്രതിപക്ഷം 
അപമാനിക്കുന്നു: എം വി ഗോവിന്ദൻ



ശാസ്താംകോട്ട ജനങ്ങളെയും പാർലമെന്ററി സംവിധാനത്തെയും അപമാനിക്കുന്ന പ്രവർത്തനമാണ്‌ നിയമസഭയിൽ പ്രതിപക്ഷം കാട്ടുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്‌ക്ക്‌ ശാസ്‌താംകോട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരണമോയെന്ന്‌ കോൺഗ്രസിൽ തർക്കം നടക്കുകയാണ്‌. ഇതു മൂടിവയ്ക്കാനാണ് നിയമസഭയിൽ സ്പീക്കർക്കും സർക്കാരിനുമെതിരെയുള്ള പ്രതിപക്ഷ കോപ്രായം.  നിയമസഭയിൽ എന്തോ ചരിത്രസംഭവമുണ്ടായി എന്നാണ് മനോരമ പറയുന്നത്. കുറച്ചുകാലമായി സ്വന്തമായി മുഖ്യമന്ത്രിയും സ്പീക്കറും ഒന്നുമില്ലാത്തത് പ്രതിപക്ഷത്തിന് സഹിക്കുന്നില്ല. ഈ വിഷമം മറികടക്കാൻ അവർതന്നെ മുഖ്യമന്ത്രിയും സ്പീക്കറുമായി നടത്തിയ കോപ്രായത്തെ ചരിത്രമെന്നാണ്‌ വിശേഷിപ്പിക്കുന്നത്. അധികാരം നഷ്ടപ്പെട്ടാൽ യുഡിഎഫ് ഏതറ്റംവരെയും പോകുമെന്നതിന്റെ  ഉദാഹരണമാണ് സഭയിൽ കണ്ടത്. സ്പീക്കർക്കു നേരെ ആക്രോശമുയർത്തുകയും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കുകയുംചെയ്യുന്നു. കേരളത്തിൽ അക്രമം അഴിച്ചുവിടാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. ജനാധിപത്യത്തെ തികച്ചും തെറ്റായ രീതിയിലാണ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെയും ഹിന്ദുത്വവൽക്കരണത്തിനെതിരെയും പ്രതിപക്ഷത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരെയും ജനങ്ങൾ പ്രതിരോധം ഏറ്റെടുത്തിരിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com

Related News