തീപ്പൊള്ളലേറ്റ് വീട്ടമ്മയുടെ മരണം: പ്രതിയായ ഭർത്താവ്‌ മരിച്ചനിലയിൽ

അന്നമ്മ ,ബിജു


ഓയൂർ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഭർത്താവ്‌ വീട്ടിനുള്ളിൽ മരിച്ചനിലയിൽ. പൂയപ്പള്ളി ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ പൂയപ്പള്ളി മേലൂട്ട് വീട്ടിൽ ബിജു (57)വിനെയാണ്‌ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. ഭാര്യ അന്നമ്മയെ (52) കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്‌ ബിജു. 2022 മെയ് 10നാണ് കേസിനാസ്പദമായ സംഭവം. പെള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 18ന് രാവിലെ അന്നമ്മ മരിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ കൊല്ലം റൂറൽ പൊലീസ് മേധാവിക്കും കൊട്ടാരക്കര ഡിവൈഎസ്‌പിക്കും പരാതി നൽകിയിരുന്നു. ചികിത്സയിലിരിക്കെ അന്നമ്മ വഞ്ചിയൂർ കോടതിയിൽ നൽകിയ മൊഴിയിൽ പറഞ്ഞത്‌ അബദ്ധത്തിൽ തീപടർന്നതാണ്‌ എന്നായിരുന്നു. എന്നാൽ, ആശുപത്രിയിൽ പരിചരിക്കാൻ നിന്ന സഹോദരിമാരോട് ഭർത്താവ് ബിജു തീകൊളുത്തുകയായിരുന്നുവെന്ന് പറഞ്ഞു.  സംഭവ ദിവസം വൈകിട്ട് മഴചാറിയതിനെത്തുടർന്ന് ടെറസിൽനിന്ന്‌ തുണിയെടുത്തുകൊണ്ടുവന്ന അന്നമ്മയുടെ കാലിൽനിന്ന് ചളി ചവിട്ടുപടിയിൽ പറ്റി. ഇത് അപ്പോൾത്തന്നെ ചളി കഴുകിക്കളയണമെന്ന് പറഞ്ഞ്‌ വഴക്കുണ്ടാക്കിയ ഇയാൾ കുട്ടിയെയും കൂട്ടി ഓട്ടോയിൽ പോയി പെട്രോൾ വാങ്ങിവന്നു. കട്ടിലിൽ കിടക്കുകയായിരുന്ന അന്നമ്മയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.  അറസ്റ്റിലായ ബിജു രണ്ടുമാസമായി ജാമ്യത്തിലായിരുന്നു. മദ്യത്തോടൊപ്പം വിഷം ഉള്ളിൽ ചെന്നതാകാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. പൂയപ്പള്ളി സിഐ എസ് ടി ബിജു, എസ്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: കൃപ, കരുണ.  Read on deshabhimani.com

Related News