ഒരു മഷ്‌റൂം കോഫി കുടിച്ചാലോ

മഷ്റൂംകോഫിക്കായി ലാലു കൂൺ ട്രയറിൽ ഇട്ട് ഉണക്കുന്നു


പത്തനാപുരം കൂൺകൃഷിചെയ്യുന്നത്‌ പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ, കൂണിൽനിന്ന്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ അധികമാരും ചിന്തിച്ചിട്ടുണ്ടാകില്ല. പത്തനാപുരം പറങ്കിമാംമുകൾ കല്ലുവിള ഗ്രീസിൽ ലാലു തോമസിന്റെ അന്വേഷണം തുടങ്ങുന്നത്‌ ഈ ചിന്തയിൽനിന്നാണ്‌. അബുദാബിയിൽ ജോലിചെയ്തിരുന്ന ലാലുവും കുടുംബവും അഞ്ചുവർഷം മുമ്പാണ് നാട്ടിലെത്തുന്നത്‌. അമ്മ ചെയ്തിരുന്ന കൂൺകൃഷിചെയ്യുവാൻ ലാലുവും താൽപ്പര്യം പ്രകടിപ്പിച്ചു. പാകമായ കൂണുകൾ വിപണിയിൽ എത്തിച്ചാൽ ഒന്ന് രണ്ട് ദിവസത്തിനകം വിറ്റു പോയില്ലെങ്കിൽ തിരികെ എടുക്കേണ്ടതായി വരുന്നു. ഇത്‌ നഷ്ടമുണ്ടാക്കുമെന്ന ചിന്തയാണ് മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്ക് തിരിയാൻ ലാലുവിനെ പ്രേരിപ്പിച്ചത്. തലവൂർ കൃഷിഭവനിലും സദാനന്ദപുരം കാർഷിക വിജ്ഞാന കേന്ദ്രത്തിലും അന്വേഷണം നടത്തി. അങ്ങനെയാണ്‌ മഷ്റൂം കോഫിയെക്കുറിച്ച്‌ അറിഞ്ഞത്‌.  വീടിന്റെ മട്ടുപ്പാവിലും പറമ്പിലും പ്രത്യേക ഊഷ്‌മാവിൽ തയ്യാറാക്കിയ സ്ഥലത്താണ് കൂൺകൃഷിചെയ്യുന്നത്. സൂര്യപ്രകാശത്തിൽനിന്ന് ആവശ്യമായ കണികകളെ വേർതിരിച്ചെടുത്ത് പ്രത്യേക ഊഷ്‌മാവിൽ ഉണക്കിയെടുക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മിൽക്കി, ഓയിസ്റ്റർ, ലയൺസ് മാനേ, ചാഗ, ടർക്കി കൂണുകൾ ഉണക്കിപ്പൊടിച്ച്‌ അറബിക്‌ കോഫിയും ചേരുന്ന കാപ്പിപ്പൊടിയാണ് ‘ലാബേ മഷ്റൂം കോഫി’ എന്ന പേരിൽ ലാലു വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുന്നത്. വയനാട്ടിൽനിന്നും വരുത്തുന്ന അറബിക് എ ഗ്രേഡ് കോഫിയാണ് മഷ്റൂം കോഫിയ്ക്കായി ഉപയോഗിക്കുന്നത്. ഉൽപ്പന്നത്തിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഈ യുവ സംരംഭകൻ. പ്രമേഹം തടഞ്ഞുനിർത്തുക, തലച്ചോറിലെ ആരോഗ്യം വർധിപ്പിക്കുക, മാനസികസമ്മർദം ചെറുക്കുക, കരളിനെ സംരക്ഷിക്കുക, ഹൃദ്രോഗങ്ങൾ തടയുക, ശരീരഭാരം കുറയ്ക്കുക, കൊളസ്ട്രോൾ നിയന്ത്രണം, ക്യാൻസർ പ്രതിരോധം എന്നീ ഗുണങ്ങളും മഷ്റൂം കോഫിയിലൂടെ  ലഭിക്കുമെന്ന് ലാലു ഉറപ്പുനൽകുന്നു. ഭാര്യ ആൻസി ലാലുവും മക്കളായ അൽഫോൺസയും ആഗ്നസും ലാലുവിന് പിന്തുണയുമായി ഒപ്പമുണ്ട്. Read on deshabhimani.com

Related News