‘ഉത്രയെ കൊന്നത്‌ ഞാൻ’ സൂരജിന്റെ പരസ്യ കുറ്റസമ്മതം



 സ്വന്തം ലേഖകന്‍ കൊല്ലം ഉത്രയെ കൊന്നത് താൻ തന്നെയെന്ന് മാധ്യമങ്ങൾക്കുമുന്നിൽ കേസിലെ ഒന്നാം പ്രതി സൂരജിന്റെ നിർണായക വെളിപ്പെടുത്തൽ‌. വനം വകുപ്പ്‌ അന്വേഷകസംഘം തെളിവെടുപ്പിന് രണ്ടാമത്‌ പറക്കോട്ടെ വീട്ടിൽ ചൊവ്വാഴ്‌ച  പകൽ 11.15ന്‌ എത്തിച്ചപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട്‌ ‘ഞാനാണ്‌ ചെയ്‌തത്‌, ഞാനങ്ങനെ ചെയ്‌തു’ എന്ന്‌ ആവർത്തിച്ചു‌ പരസ്യ കുറ്റസമ്മതംനടത്തിയത്‌‌. എന്നാൽ, ഭാര്യയെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു‌ കൊലപ്പെടുത്തിയത്‌ എന്തിനായിരുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം പറഞ്ഞില്ല. ഒരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാകരുതെന്ന്‌ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതിയും പാമ്പുപിടിത്തക്കാരനുമായ സുരേഷ്‌  പറഞ്ഞു. എന്നാൽ, കുടുംബാംഗങ്ങളെ കേസിൽനിന്നു‌ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ സൂരജിന്റെ കുറ്റസമ്മതമെന്ന്‌ ഉത്രയുടെ സഹോദരൻ വിഷു പ്രതികരിച്ചു.  മെയ്‌ ഏഴിന്‌ പുലർച്ചെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയിൽ മൂർഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നെന്ന്‌‌‌ സൂരജ്‌ പൊലീസിന്‌ മൊഴിനൽകിയിരുന്നു. ഉത്രവധവുമായി ബന്ധപ്പെട്ട്- വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ്- രജിസ്റ്റർ ചെയ്-ത കേസിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഇരുവരെയും പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്-.  സൂരജിന്റെ വീട്ടിൽ ഫെബ്രുവരി 25ന് പാമ്പുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സുരേഷ്‌ നടത്തിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ ദിവസമാണ്‌ സുരേഷ്‌ തന്റെ പക്കലുണ്ടായിരുന്ന അണലിയെ രഹസ്യമായി സൂരജിന് കൈമാറിയത്‌. സൂരജ് ഇത്‌ രഹസ്യമാക്കി വച്ചു.  വീടിന്റെ സ്റ്റെയർകേ‌സിൽ ഫെബ്രുവരി 29നു‌ കണ്ട അണലിയെ ടിന്നിലാക്കി വിറകുപുരയ്‌ക്കു സമീപം സൂക്ഷിച്ചെന്ന്‌ സൂരജ്‌ നേരത്തെ നൽകിയ മൊഴി സംബന്ധിച്ച്‌ വീണ്ടും പരിശോധന നടത്തി.  രണ്ടാം ശ്രമത്തിൽ മാർച്ച്‌ രണ്ടിനു‌ രാത്രി ഉത്രയെ കടിപ്പിച്ചശേഷം അണലിയെ ചാക്കിലാക്കിയെന്നും പിന്നീട്‌ ചാക്കിന്റെ കെട്ടഴിച്ച്‌ ടെറസിൽനിന്നു‌ താഴേക്ക്‌ ഇട്ടെന്നുമാണ്‌ സൂരജ്‌ മൊഴി നൽകിയത്‌. കല്ലുവാതുക്കലിൽനിന്ന്‌ രണ്ടാം പ്രതി സുരേഷ്‌ പിടിച്ച അണലിയെ വീട്ടിലെത്തിച്ച്‌ സൂരജിന്‌  കൈമാറുകയായിരുന്നു. വന്യജീവിയായ പാമ്പിനെ‌ കൈമാറ്റംചെയ്‌തതിനും ദുരുപയോഗിച്ചതിലും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷകസംഘം പരിശോധിക്കും‌.  സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് പങ്കില്ലെന്നാണ് സൂരജിന്റെ മൊഴി. എന്നാൽ, വീട്ടിൽ മറ്റാർക്കെങ്കിലും സംഭവത്തിൽ ബന്ധമുണ്ടോയെന്ന് വനം വകുപ്പ് പരിശോധിക്കും. ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ട് വരെയും ഏപ്രിൽ 25 മുതൽ മെയ് ആറ് വരെയും സൂരജ്‌ വീട്ടിൽ പാമ്പിനെ സൂക്ഷിച്ചിരുന്നു. ഇത്‌ വീട്ടിലുള്ള മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും അന്വേഷിക്കും. തെളിവെടുപ്പ് പൂർത്തിയാക്കി പകൽ ഒന്നിന് സംഘം മടങ്ങി. പൊലീസ് കുറ്റപത്രം സമർപ്പിച്ചാൽ അടുത്ത ദിവസംതന്നെ വനം വകുപ്പും കുറ്റപത്രം സമർപ്പിക്കും. മാവേലിക്കര ജയിലിൽനിന്ന്‌ തിങ്കളാഴ്‌ച കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വ്യാഴാഴ്‌ച തിരികെ ഏൽപ്പിക്കുമെന്ന്‌ അഞ്ചൽ ഫോറസ്റ്റ്‌ ഓഫീസർ ബി ആർ ജയൻ പറഞ്ഞു. Read on deshabhimani.com

Related News