‘തുടർഭരണം തുണയായി’



കൊല്ലം ‘എൽഡിഎഫിന്‌ തുടർ ഭരണം ലഭിച്ചത്‌ ഞങ്ങൾക്ക്‌ തുണയായി. ഇല്ലെങ്കിൽ ഒരിക്കലും പട്ടയം ലഭിക്കില്ലായിരുന്നു’ –- രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽപ്പെടുത്തി പട്ടയം ലഭിക്കുന്ന പത്തനാപുരം താലൂക്കിലെ വിളക്കുടി വില്ലേജിൽ കാഞ്ഞിരംമല താഴേക്കുരിശ്ശടി വിജി ഭവനിൽ വി സ്വാമിനാഥന്റെ വാക്കുകളിൽ നിറയെ സന്തോഷം. ഞാനും എന്റെ കുടുംബവും 40 വർഷമായി പട്ടയത്തിനായി കാത്തിരിക്കുന്നു. എൽഡിഎഫ്‌ സർക്കാർ വരുമ്പോഴെല്ലാം പട്ടയ നടപടിക്ക്‌ തുടക്കമാകും. ആ സർക്കാർ മാറി പുതിയ സർക്കാർ വന്നാൽ നടപടി പൊടുന്നനെ നിലയ്‌ക്കും. ഇതായിരുന്നു പതിവ്‌. പിണറായി സർക്കാരിന്റെ ഉറപ്പ്‌ ഇപ്പോൾ അനുഭവത്തിലൂടെ ഞങ്ങൾക്കും ബോധ്യമായി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആയിരുന്നു പട്ടയ നടപടികൾ. പത്തനാപുരം താലൂക്ക് ഓഫീസിൽ വിളിച്ചുവരുത്താതെ കാഞ്ഞിരംമലയിലേക്ക്‌ സർക്കാർ സംവിധാനം എത്തുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്‌ എത്തിയ മുൻ ധനമന്ത്രി തോമസ്‌ ഐസക് പട്ടയകാര്യത്തിൽ ഉറപ്പുനൽകിയിരുന്നു. മുൻ മന്ത്രി കെ രാജുവും പി എസ്‌ സുപാൽ എംഎൽഎയും വാക്കുപാലിച്ചെന്നും കൃഷിപ്പണിചെയ്‌ത്‌ കുടുംബം പോറ്റുന്ന സ്വാമിനാഥൻ പറഞ്ഞു.  ‘പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുണ്ട്‌, എങ്ങനെ ഇത്‌ പ്രകടിപ്പിക്കണമെന്ന്‌ അറിയില്ല’ –-31 ന്‌ പട്ടയം ലഭിക്കുന്ന കാഞ്ഞിരംമല അഭിലാഷ്‌ മന്ദിരത്തിൽ ഡി ശശിധരൻപിള്ളയുടെ (70) വാക്കുകളാണിത്‌.  പിണറായി സർക്കാരിന്റെ രണ്ടാം വരവില്ലായിരുന്നെങ്കിൽ പട്ടയം ലഭിക്കാതെ പോകുമായിരുന്നു.  പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്നവരിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്‌. അവരെല്ലാം ഈ സർക്കാരിന്റെ കരുതലിൽ തൃപ്‌തരാണ്‌–-ശശിധരൻപിള്ള പറഞ്ഞു.   Read on deshabhimani.com

Related News