റേഷൻ വിതരണം 
സാധാരണ നിലയിലേക്ക്‌



കൊല്ലം ജില്ലയിൽ റേഷൻ വിതരണം സാധാരണ നിലയിലേക്ക്‌. കഴിഞ്ഞ ദിവസം ഉച്ചവരെ പ്രവർത്തിച്ച റേഷൻകടകളിൽ ശരാശരി 16,500 പേർ ഭക്ഷ്യധാന്യം കൈപ്പറ്റി. അഞ്ചുദിവസം കൂടി ഉച്ചവരെയുള്ള വിതരണം തുടരുമെന്ന്‌ അധികൃതർ അറിയിച്ചു.  ഇ–-പോസ്‌ മെഷീൻ പണിമുടക്കിയതാണ്‌ റേഷൻ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്‌. പൊതുവിതരണ വകുപ്പിന്റെയും ഹൈദരാബാദിലെ എൻഐടിയുടെ സർവറും തമ്മിലുള്ള ബന്ധം തകരാറിലായതാണ്‌ ഇ–-പോസ്‌ മെഷീന്റെ മെല്ലെപ്പോക്കിന്‌ കാരണം. ഈ സാഹചര്യത്തിലാണ്‌ കഴിഞ്ഞ ദിവസം മുതൽ ജില്ലയിൽ റേഷൻ വിതരണം ഉച്ചവരെ ആക്കിയത്‌.  സാധാരണഗതിയിൽ ഓരോ മാസത്തെയും ആദ്യ ദിനങ്ങളിൽ ശരാശരി 15,000 പേരാണ്‌ റേഷൻ വാങ്ങാൻ എത്തുന്നത്‌. മെഷീൻ പണിമുടക്കിയതോടെ ശരാശരി 6762 പേർക്കു മാത്രമാണ്‌ വിതരണം നടന്നത്‌. വ്യാഴാഴ്‌ച മുതൽ 15,000 പേർക്ക്‌ വിതരണം  പുനഃസ്ഥാപിക്കാനായി.   ചൊവ്വ മുതലാണ്‌ ഇ–- പോസ്‌ മെഷീന്റെ മെല്ലെപ്പോക്ക്‌ തുടങ്ങിയത്‌. റേഷൻ കടകളിലെത്തിയ ഉപഭോക്താക്കൾക്ക്‌ പലതവണ മെഷീനിൽ വിരലമർത്തിയിട്ടും വിരലടയാളം തിരിച്ചറിഞ്ഞിരുന്നില്ല. ആറും ഏഴും തവണ വിരൽ അമർത്തുമ്പോൾ മാത്രമേ  ഇടപാടിലേക്ക്‌ കടക്കാനാകുമായിരുന്നുള്ളൂ. അനുവദനീയ ഭക്ഷ്യവിഹിതം ലഭ്യമാകാത്ത സ്ഥിതിയായിരുന്നു. ഉപഭോക്താവിനുള്ള ഭക്ഷ്യധാന്യം തെരഞ്ഞെടുക്കാനായാൽ ചിലപ്പോൾ ബില്ല്‌ തയ്യാറാകില്ല. ഇതോടെ ശ്രമം റദ്ദാകും. പല കടകളിലും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയായിരുന്നു. Read on deshabhimani.com

Related News