ചവറയിൽ പുതിയപാലം നിർമിക്കും

ചവറ പാലം


ചവറ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ചവറയിൽ പുതിയപാലം നിർമിക്കും. നിലവിലുളള പാലം പൊളിച്ചുമാറ്റാതെ സമാന്തരമായി മൂന്നു വരിയോടുകൂടിയ പാലമാണ് നിര്‍മിക്കുക. നിയമസഭയിൽ സുജിത്‌ വിജയൻപിള്ള എംഎൽഎയുടെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ ഇക്കാര്യം അറിയിച്ചത്. ദേശീയപാതയിൽ ചേർത്തലയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ബോസ്ട്രിംങ് ആര്‍ച്ചുള്ള ഏക പാലമാണ് ചവറയിലേത്‌. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മുകളിലത്തെ ബീമിൽ തട്ടി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവാണ്. പുതിയ പാലം നിർമിക്കുമ്പോൾ ഒരു ദിശയിലേക്കുള്ള വാഹനങ്ങൾ അതുവഴി കടത്തിവിടും. നിലവിലുള്ള പാലത്തിലൂടെ മറുഭാഗത്തേക്കും വാഹനയാത്ര അനുവദിക്കും. ഇതോടെ ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാകുമെന്നും ദേശീയപാത വികസന അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  ചവറ പാലം ആര്‍സിസി ബോസ്ട്രിങ് ടൈപ്പ് ആര്‍ച്ച് ബ്രിഡ്ജ് ആയതിനാല്‍ വീതികൂട്ടാനാകില്ല. 4.9 മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സുളള പാലത്തില്‍ ബീം ഉരസാതിരിക്കാനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തി നടത്തുമെന്നും നിര്‍മാണ സമയത്ത് ഐആര്‍സി മാനദണ്ഡം അനുസരിച്ച് നടപടി സ്വീകരിക്കാമെന്ന്‌ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.    Read on deshabhimani.com

Related News