ടാറിങ്‌ തുടങ്ങാൻ കരാറുകാരനെ കാണാനില്ല



കുന്നിക്കോട് തകർച്ചയിലായ റോഡിന്റെ അറ്റകുറ്റപ്പണിക്ക്‌ കരാറുകാരൻ എത്തുന്നില്ലെന്ന പരാതിയുമായി വാർഡ് പ്രതിനിധിയും നാട്ടുകാരും രംഗത്ത്. വെട്ടിക്കവല പഞ്ചായത്തിലെ കണ്ണംകോട് വാർഡിൽ ഉൾപ്പെട്ട വേവട്ടൂർ കാവുങ്കൽ റോഡിന്റെ ഒന്നരക്കിലോമീറ്റർ ടാറിങ്ങിനാണ്‌ 20 ലക്ഷം രൂപയ്ക്ക് കരാർ ഒപ്പുവച്ചത്‌. ഡിസംബർ ഒമ്പതിന്‌ കരാർ ഒപ്പുവച്ചശേഷം കരാറുകാരൻ ഇവിടേക്ക് വന്നിട്ടില്ലെന്ന്‌ പറയുന്നു. കാലതാമസം ഒഴിവാക്കാൻ വാർഡ് പ്രതിനിധി അനോജ് കുമാർ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും  കരാറുകാരൻ അസൗകര്യം പറഞ്ഞ് ഒഴിഞ്ഞത്രേ.  യാത്രാക്ലേശം രൂക്ഷമായ പ്രദേശത്തെ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും വാർഡ് പ്രതിനിധിക്ക് ഒപ്പം എത്തി വെട്ടിക്കവല  ബ്ലോക്ക് പഞ്ചായത്ത് എൻജിനിയർ പ്രിയയ്‌ക്ക്‌ പരാതി നൽകി. കരാറുകാരനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സമീപ പഞ്ചായത്തിലെ ജോലി പൂർത്തിയാകുമ്പോൾ കണ്ണംങ്കോട്ടെ റോഡ് ടാറിങ്‌ ആരംഭിക്കുമെന്ന്‌ അറിയിച്ചു. പ്രളയത്തിൽ തകർന്ന റോഡിന്റെ നവീകരണത്തിന്‌ കെ ബി ഗണേഷ്‌കുമാറാണ്‌ എംഎൽഎ ഫണ്ടിൽനിന്ന്‌ തുക അനുവദിച്ചത്‌. Read on deshabhimani.com

Related News