സൂപ്പർചെക്കിങ്‌ ഉടൻ



കൊല്ലം അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തിനായി സാമൂഹ്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർണയ പ്രക്രിയ ജില്ലയിൽ അന്തിമഘട്ടത്തിൽ. സർക്കാരിന്റെ അതിദരിദ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി എന്യൂമറേറ്റർമാർ നടത്തുന്ന വിവരശേഖരണം വെള്ളിയാഴ്ച പൂർത്തിയാകും. പട്ടികയിൽ ഇടം പിടിച്ചവർക്കുള്ള മാനദണ്ഡം ശരിയാണോ എന്ന്‌ പരിശോധിച്ച്‌ ഉറപ്പാക്കാനുള്ള സൂപ്പർചെക്കിങ് ഉടൻ തുടങ്ങും.  ജില്ലയിലെ 68 പഞ്ചായത്തുകളിൽ പേരയം, തേവലക്കര, ചിതറ, കടയ്‌ക്കൽ, ഇട്ടിവ, ചടയമംഗലം പഞ്ചായത്തുകൾ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ്‌ വിവരശേഖരണം പൂർത്തിയാകാനുള്ളത്‌. ഇത്‌ വെള്ളിയാഴ്ച പൂർത്തിയാകും. തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയ ഗുണഭോക്താക്കളിൽ 20 ശതമാനം പേരെയാണ്‌ ഉപരി പരിശോധനയ്‌ക്ക്‌ വിധേയമാക്കുക. ഗ്രാമ, ബ്ലോക്ക്‌ തല സൂപ്പർ പരിശോധനയ്‌ക്ക്‌ ബ്ലോക്ക്‌ എക്‌സ്റ്റൻഷൻ ഓഫീസറും കില റിസോഴ്‌സ്‌ പേഴ്‌സൺമാരും നഗരസഭയിൽ ഇക്കണോമിക്‌സ്‌ ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വിഭാഗവും കില ഉദ്യോഗസ്ഥരും നേതൃത്വം നൽകും.  ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ വിവരശേഖരണം. അടിസ്ഥാന വരുമാനമില്ലാത്തവർ, ആശ്രയമില്ലാത്ത പാലിയേറ്റീവ്‌ രോഗികൾ, വിവിധ കാരണങ്ങളാൽ സർക്കാർ ക്ഷേമപദ്ധതികളിൽ ഉൾപ്പെടാത്തവർ എന്നിവരെ കണ്ടെത്തി ഉപജീവനമാർഗം ഒരുക്കുകയാണ്‌ ലക്ഷ്യം. തൊഴിലുറപ്പ്‌, കുടുംബശ്രീ, റസിഡന്റ്‌സ്‌ അസോസിയേഷൻ, രാഷ്ട്രീയപാർടി പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന ഫോക്കസ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചാണ്‌ ഗുണഭോക്തൃലിസ്റ്റ്‌ തയ്യാറാക്കിയത്‌. വ്യക്തികൾക്ക്‌ അവരുടെ സാഹചര്യങ്ങൾക്ക്‌ അനുസൃതമായാകും സഹായം നൽകുക. തദ്ദേശസ്ഥാപന നേതൃത്വത്തിൽ 14–-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി അതിജീവന മൈക്രോ പദ്ധതികളും തുടങ്ങും. Read on deshabhimani.com

Related News