തിരുമ്പി വന്തിട്ടേ....ൻ

ആർപ്പുവിളികളും കരഘോഷത്തോടെയും‌ വിജയ്‌യെ കാണികൾ വരവേൽക്കുന്നു


കൊല്ലം തിയറ്ററുകളിൽ വിസിലും ആർപ്പുവിളികളും വീണ്ടുമുയർന്നു. പതിനൊന്നു മാസത്തെ അടച്ചിടലിനൊടുവിൽ ബുധനാഴ്‌ച തുറന്ന തിയറ്ററുകൾ  ‘മാസ്റ്ററി’നൊപ്പം ആഘോഷിച്ചു. ഇളയദളപതി വിജയ്‌ നായകനായ ‘മാസ്‌റ്റർ’ ‌ആണ് ലോക്‌ഡൗണിനുശേഷം ആദ്യമായി തിയറ്ററുകളിലെത്തിയത്‌.   ആദ്യദിന പ്രദറശനം മുഴുവൻ വിജയ്‌ ഫാൻസ്‌ അസോസിയേഷനുവേണ്ടിയാണ്‌ തിയറ്റർ ഉടമകൾ മാറ്റിവച്ചത്‌. ആർപ്പുവിളികളും കരഘോഷത്തോടെയും‌ വിജയ്‌യെ കാണികൾ വരവേറ്റു‌. അടച്ചിട്ടിരുന്ന മിക്ക തിയറ്ററുകളും പരിസരവും  വൃത്തിയാക്കാനും അറ്റകുറ്റപ്പണിക്കും  വിജയ്‌ ഫാൻസുകാർ മുന്നോട്ടുവന്നതും ശ്രദ്ധേയമായി.  ജില്ലയിലെ 40 തിയറ്ററുകളിൽ  പതിനാറെണ്ണമാണ്‌ ബുധനാഴ്‌ച തുറന്നത്‌. മൂന്നു‌ പ്രദർശനവും ഉണ്ടായിരുന്നു. ഓൺലൈനിലായിരുന്നു‌ ടിക്കറ്റ്‌ വിൽപ്പന. 22 മുതൽ മലയാള ചിത്രങ്ങളുടെ ഘോഷയാത്രയാണ്‌. മമ്മൂട്ടി, ജയ‌സൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരനിര തിയറ്ററുകളിൽ എത്തും.   കോവിഡ്‌ കാല പ്രതിസന്ധി മറികടക്കാൻ  മാർച്ചുവരെയുള്ള വിനോദ നികുതി ഒഴിവാക്കാനും അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി സ്ഥിരം നിരക്ക്‌  50 ശതമാനം കുറയ്‌ക്കാനും സർക്കാർ ‌തീരുമാനിച്ചതോടെയാണ്‌ തിയറ്ററുകൾ തുറന്നത്‌.  കൊല്ലം നഗരത്തിൽ ഉഷ, ധന്യ, പാർഥ, സാരഥി എന്നീ തിയറ്ററുകൾ‌ തുറന്നു‌. കാണികൾ എത്തിയെങ്കിലും കപ്പിത്താൻ കാർണിവൽ തുറന്നില്ല. ജി മാക്‌സും കൊല്ലം കാർണിവലും അടുത്താഴ്ച തുറക്കും. പല തിയറ്ററുകളിലും കംപ്യൂട്ടറും ബാറ്ററിയും പ്രൊജക്‌ടും യുപിഎസുമെല്ലാം തകരാറിലാണെന്നും തകരാർ പരിഹരിച്ചുവരികയാണെന്നും തിയറ്റർ ഉടമകളുടെ പുതിയ സംഘടനയായ ഫ്യുഓക്ക്‌ ജില്ലാ കൺവീനറും ഉഷ, ധന്യ തിയറ്റർ മാനേജറുമായ ജെ രാജശേഖരൻനായർ പറഞ്ഞു. Read on deshabhimani.com

Related News