‘കോൺഗ്രസുമായുള്ള കൂട്ടുകെട്ട്‌ മതിയായി’



കൊല്ലം കോൺഗ്രസുമായുള്ള കൂട്ടുകെട്ട്‌ ഇനി വേണ്ട, അവർക്കൊപ്പം തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാനാവില്ല. കോൺഗ്രസുകാർക്ക്‌ പണമെന്ന ചിന്തയേയുള്ളു’–- ആർഎസ്‌പി ശാസ്‌താംകോട്ട, ശൂരനാട്‌ സംയുക്ത മണ്ഡലം കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്‌ച ഭരണിക്കാവ്‌ ആർഎസ്‌പി ഓഫീസിലായിരുന്നു യോഗം.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ ബൂത്ത്‌ ഭാരവാഹികളായ കോൺഗ്രസുകാരുടെ കൈയിലാണ്‌ ചെലവിനുള്ള പണം കിട്ടിയത്‌. എന്നാൽ അവരത്‌ മുക്കിയതായി ചിലർ പറഞ്ഞു. കൂടെനടന്ന്‌‌ തോൽപ്പിക്കുന്നതാണ്‌ ഇതുവരെയുള്ള അനുഭവം. നാളെയും ഇത്‌ തുടരും.  കോൺഗ്രസിനെ വിശ്വാസത്തിലെടുത്ത്‌ വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ പറ്റില്ല–- ഒരു ജില്ലാ കമ്മിറ്റി അംഗം കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുതന്ന്‌‌ കാലുവാരി. കോൺഗ്രസ്‌ ബന്ധം അവസാനിപ്പിക്കണമെന്ന്‌ സംസ്ഥാന കമ്മിറ്റി അംഗം കെ ജി വിജയദേവൻപിള്ളയും ആവശ്യപ്പെട്ടു. മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗം കെ മുസ്‌തഫ  യോഗത്തിൽനിന്ന്‌ വിട്ടുനിന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിനു‌ ശേഷം അദ്ദേഹം പാർടി പരിപാടിയിൽ പങ്കെടുക്കാറില്ല. ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ മത്സരിച്ച തന്നെ കോൺഗ്രസ്‌ കാലുവാരിയെന്നാണ്‌ മുസ്‌തഫയുടെയും പരാതി.  യുഡിഎഫ്‌ വിടാൻ ഒരു സാഹചര്യം ഉരുത്തിരിഞ്ഞുവരണമെന്നും അപ്പോൾ ചിന്തിക്കാമെന്നുമായിരുന്നു യോഗത്തിൽ ആർഎസ്‌പി ജില്ലാ സെക്രട്ടറി കെ എസ്‌ വേണുഗോപാലിന്റെ മറുപടി. എപ്പോഴും മുന്നണിയിൽനിന്ന്‌ എടുത്തുചാടാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ഇടവനശ്ശേരി സുരേന്ദ്രനും സംസാരിച്ചു. Read on deshabhimani.com

Related News