85ൽ സഹദേവൻ പുതിയ തിരക്കുകളിലേക്ക്‌



സ്വന്തം ലേഖകന്‍ കരുനാഗപ്പള്ളി മുപ്പതുവർഷം മുമ്പ്‌ ഡയറിയിൽ കോറിയിട്ട വരികൾ ഇമ്പം തുളുമ്പുന്ന ഈണമായി മാറി. ഈരടികളുടെ സ്രഷ്ടാവ്‌ തന്റെ 85–-ാം വയസ്സിൽ പുതിയ തിരക്കുകളിലേക്ക്‌ ഇറങ്ങുന്നു. ‘തുളസിക്കതിർ നുള്ളിയെടുത്തു, കണ്ണനൊരു മാലയ്ക്കായി’എന്ന പാട്ടെഴുതിയ തൊടിയൂർ മുഴങ്ങോടി പട്ടശേരിൽവീട്ടിൽ സഹദേവനെ തേടിയാണ് ഓരോ ദിവസവും നിരവധി സംഘടനകളും വ്യക്തികളും‌ അഭിനന്ദനവും ആദരവുമായെത്തുന്നത്‌. തേടിയെത്തുന്നവർക്കു മുന്നിൽ കൂപ്പുകൈകളോടെ സഹദേവൻ വിനയാന്വിതനാകുന്നു. ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്ന ഗാനം തൊടിയൂർ മുഴങ്ങോടിയിലെ ഹന്ന ഫാത്തിം എന്ന ഒമ്പതാം ക്ലാസുകാരി പാടിയതോടെയാണ്‌ ഹിറ്റായത്‌. തുടർന്ന്‌ മൂന്നു‌ പതിറ്റാണ്ടിലേറെ പഴക്കമുള്ള ദ്രവിച്ച്‌ അടർന്നുവീഴാറായ ഡയറിത്താളുകളിൽ കോറിയിട്ട വരികൾ സുഹൃത്തായ ഹാരിസിനെ കാണിക്കുകയായിരുന്നു. ഈ വാർത്ത ‘ദേശാഭിമാനി’യിലൂടെ പുറത്തുവന്നതോടെയാണ് തലമുറകളായി പാടി ഹിറ്റായ ഗാനത്തിന്റെ രചയിതാവിനെ തേടി മാധ്യമങ്ങളും നാട്ടുകാരുമെത്തുന്നത്.  എംസി ഓഡിയോസ് ഉൾപ്പെടെയുള്ള പ്രധാന മ്യൂസിക് കമ്പനികളും സഹദേവന്റെ പഴയപാട്ടുകൾ തേടിയെത്തി. ഭക്തിഗാനങ്ങൾ എഴുതി നൽകണമെന്ന ആവശ്യവുമായി മ്യൂസിക് ആൽബം കമ്പനികളും എത്തി. പാട്ടിലൂടെ ശ്രദ്ധനേടിയ ഹന്ന ഫാത്തിമും സഹദേവനെ കാണാനെത്തി. ആർ രാമചന്ദ്രൻ എംഎൽഎ, ജനതാ ഗ്രന്ഥശാല, സ്വാന്തനം ചാരിറ്റബിൾ സംഘടന, ജില്ലാ പഞ്ചായത്ത്‌ അംഗം അനിൽ എസ് കല്ലേലിഭാഗം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ്‌ ആദരം നൽകാനെത്തിയത്. സിപിഐ എമ്മിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സി രാധാമണി കൈമാറി. ലോക്കൽ സെക്രട്ടറി ആർ ശ്രീജിത്‌, പി കെ ജയപ്രകാശ്, സദ്ദാം എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News