കുറ്റപത്ര അനുബന്ധ രേഖകളുടെ പകർപ്പ്‌ സൗജന്യമായി നൽകില്ല



കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ കുറ്റപത്രത്തോട്‌ അനുബന്ധിച്ച്‌ കോടതിയിൽ സമർപ്പിച്ച രേഖകളുടെ പകർപ്പ്‌ പ്രതികൾക്ക്‌ സൗജന്യമായി നൽകില്ല. പതിനായിരത്തിലേറെ പേജുള്ള അനുബന്ധരേഖകളുടെ പകർപ്പ്‌ സൗജന്യമായി നൽകണമെന്നില്ലെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ രവീന്ദ്രന്റെ വാദം പരവൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട്‌ കോടതി  അംഗീകരിച്ചു.  രേഖകൾ പ്രതികൾക്കോ അഭിഭാഷകർക്കോ കോടതിയിൽ നേരിട്ടെത്തി രേഖപ്പെടുത്താൻ അവകാശമുണ്ടെന്നും പ്രോസിക്യൂട്ടർ വാദിച്ചു. എഫ്‌ഐആർ, പൊലീസ്‌ റിപ്പോർട്ട്‌, സാക്ഷിമൊഴി, പ്രതികളുടെ കുറ്റസമ്മതമൊഴി എന്നിവയടങ്ങുന്ന 3000 പേജുള്ള രേഖകളുടെ   സൗജന്യപകർപ്പ്‌ പ്രതികൾക്ക്‌ നൽകുമെന്ന്‌ പ്രോസിക്യൂട്ടർ അറിയിച്ചു. ഇതിന്‌ 18വരെ സാവകാശം വേണമെന്ന വാദവും അംഗീകരിച്ചു. കേസ്‌ വിചാരണ 18ലേക്ക്‌  മാറ്റി. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 2016 ഏപ്രിൽ 10ന്‌ പുലർച്ചെ 3.30നാണ്‌ വെടിക്കെട്ട്‌ ദുരന്തമുണ്ടായത്‌. 111 പേർ മരിച്ചു. മുന്നൂറിലധികം പേർക്കു പരിക്കേറ്റു. 59 പ്രതികളിൽ ഏഴുപേർ മരിച്ചു.  പ്രോസിക്യൂഷനു വേണ്ടി അഡ്വ. ധീരജും ഹാജരായി. Read on deshabhimani.com

Related News