വീണ്ടും ബിഗ്‌സ്‌ക്രീനിൽ

കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സിനിമ പ്രദർശിപ്പിക്കുന്നതിന്‌ തീയറ്ററിൽ നടക്കുന്ന ഒരുക്കങ്ങൾ


      കൊല്ലം പതിനൊന്നു മാസത്തെ അടച്ചിടലിനൊടുവിൽ ജില്ലയിലെ കൊട്ടകകളിൽ ബുധനാഴ്‌ച മുതൽ ആർപ്പുവിളികളും കരഘോഷവും മുഴങ്ങും. തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനും അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്‌സഡ്‌ ചാർജ്‌ 50 ശതമാനം കുറയ്‌ക്കാനുമുള്ള സർക്കാർ ‌തീരുമാനം സിനിമാ ലോകത്തിന്‌ വലിയ ഊർജമാണ്‌ പകർന്നത്. ‌ബുധനാഴ്‌ച ജില്ലയിലെ എല്ലാ തിയറ്ററുകളിലും എത്തുക വിജയ്‌ നായകനായ തമിഴ്‌ ചിത്രം ‘മാസ്റ്റർ’ ആണ്. ‌സംസ്ഥാനത്തെ 450 തിയറ്ററുകളിൽ റിലീസ്‌ ചെയ്‌ത്‌ ഇനിഷ്യൽ കലക്‌ഷൻ നേടുകയാണ്‌‌ മാസ്റ്റർ വിതരണക്കാരുടെ ലക്ഷ്യം. എന്നാൽ, ജില്ലയിലെ ചില തിയറ്ററുകളിൽ ജയസൂര്യ നായകനായ ‘വെള്ളം’ 22 മുതൽ പ്രദർശിപ്പിക്കാൻ കരാറായതിനാൽ ‘മാസ്റ്റർ’ പ്രദർശിപ്പിക്കുന്നതിൽനിന്ന്‌ വിട്ടുനിൽക്കുമെന്നാണ്‌ അറിയുന്നത്‌.  ജില്ലയിൽ മൂന്നു‌ ഷോ നടത്താനാണ്‌ തിയറ്റർ ഉടമകൾ തീരുമാനിച്ചിരിക്കുന്നത്‌. ‌രാവിലെ ഒമ്പതിനു തുടങ്ങി‌ രാത്രി ഒമ്പതിന്‌ അവസാനിക്കും വിധമാണ്‌ ഷോടൈം ക്രമീകരിച്ചിരിക്കുന്നത്‌. പ്രവേശനം 50 ശതമാനം സീറ്റുകളിലാണ്‌. ഒന്നിടവിട്ട വരികളിലായാണ്‌ പ്രേക്ഷകരെ ഇരുത്തുക. ‘ബുക്‌ മൈ ഷോ’ ഓൺലൈൻ ആപ്പിലൂടെയാണ്‌ ടിക്കറ്റ്‌ വിൽപ്പന. മാസ്‌ക്‌, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്‌. പനി ലക്ഷണമുള്ളവരെ പ്രവേശിപ്പിക്കില്ല.  തിയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ വലിയ പ്രതീക്ഷയുണ്ട്‌. വിനോദ നികുതിയിൽ ഉൾപ്പെടെ സിനിമാ മേഖലയ്‌ക്ക്‌ ഇളവുകൾ നൽകിയ സർക്കാരിനെ ‌ അഭിനന്ദിക്കുന്നതായും ധന്യ തിയറ്റർ മാനേജർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു. Read on deshabhimani.com

Related News