കൃത്യമായി നികുതിയടക്കുന്നവർക്ക്‌ സമ്മാനം: മന്ത്രി

കൊട്ടാരക്കര മിനിസിവിൽ സ്റ്റേഷനിൽ ചരക്കു സേവന നികുതി വകുപ്പിന്റെ ആധുനീകരിച്ച ഓഫീസുകൾ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര നികുതിവരുമാനത്തിന് മുതൽക്കൂട്ടാകുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കായി സമ്മാനപദ്ധതി പരിഗണനയിലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഉപയോക്താവിൽനിന്ന് ഈടാക്കുന്ന നികുതി കൃത്യമായി ഒടുക്കാൻ വ്യാപാര സമൂഹം തയ്യാറാകണം. ബിൽ വാങ്ങിമാത്രം സാധനങ്ങൾ വാങ്ങാൻ ജനവും തയ്യാറാകണം. എന്റെ നികുതി എന്റെ ഉത്തരവാദിത്വം എന്ന് തിരിച്ചറിയുന്നവർക്കായി ലക്കി ബിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. കൊട്ടാരക്കര മിനി സിവിൽസ്റ്റേഷനിൽ തുടങ്ങിയ ചരക്കുസേവന നികുതി വകുപ്പിന്റെ ആധുനീകരിച്ച ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  അന്താരാഷ്ട്ര എണ്ണവില പരിഗണിച്ചാൽ ഇപ്പോഴത്തേതിനേക്കാൾ വില കുറച്ച് പാചകവാതകം നൽകാനാകും. എന്നാൽ, വില നിശ്ചയിക്കുന്നതിലെ മാനദണ്ഡമാണ് തടസ്സം. ഈ രീതി പിന്തുടർന്നാൽ നാണ്യപ്പെരുപ്പവും വിലക്കയറ്റവും തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.  വിവിധ ഓഫീസുകളും വിശാലമായ റെക്കോഡ് റൂമും ആധുനികവൽക്കരിച്ച കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കേരള മണി ലെൻഡേഴ്സ് ആക്ട്, അ​ഗ്രികൾച്ചറൽ ഇൻകം ടാക്സ് ആക്ട്, ജിഎസ്ടി ആക്ട് പ്രകാരമുള്ള ഫയലുകൾ എന്നിവ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കമീഷണർ ഓഫീസ്, കെജിഎസ്ടി, വാറ്റ് ജിഎസ്ടി ആക്ട് എന്നീ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി കമീഷണർ സ്പെഷ്യൽ സർക്കിൾ ഓഫീസ്, സ്റ്റേറ്റ് ടാക്സ് ഓഫീസ്, ഡെപ്യൂട്ടി കമീഷണർ ഇന്റലിജൻസ് സ്ക്വാഡ് ഓഫീസ് എന്നിവയാണ് ആരംഭിച്ചത്. മുനിസിപ്പൽ ചെയർമാൻ എ ഷാജു അധ്യക്ഷനായി. സ്റ്റേറ്റ് ജിഎസ്ടി ജോയിന്റ് കമീഷണർ സജി എ മിറാൻഡ സ്വാ​ഗതം പറഞ്ഞു. സ്റ്റേറ്റ് ടാക്സ് കമീഷണർ രത്തൻ കേൽക്കർ, പി അയിഷാപോറ്റി, സ്റ്റേറ്റ് ജിഎസ്ടി അഡീഷണൽ കമീഷണർമാരായ എബ്ര​ഹാം റെൻ, എ സറഫ്, ജോയിന്റ് കമീഷണർ ബിജോയി ടി നായർ, കൊട്ടാരക്കര തഹസിൽദാർ പി ശുഭൻ, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷൻ എസ് ആർ രമേശ്, പി ഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി സച്ചിൻ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ജിഎസ്ടി കൊട്ടാരക്കര ഡെപ്യൂട്ടി കമീഷണർ ഹസീന ഇക്ബാൽ നന്ദി പറഞ്ഞു. Read on deshabhimani.com

Related News