കരുനാഗപ്പള്ളി മുന്നിൽ



പുനലൂർ പുത്തൻ ആശയങ്ങളുമായെത്തിയ കുട്ടി പ്രതിഭകളെ വരവേറ്റ് ജില്ലാ ശാസ്ത്രമേളയ്ക്ക് പുനലൂരിൽ തുടക്കം. പുനലൂർ ഗവ. എച്ച്എസ്എസ്, സെന്റ് ​ഗൊ‌രേറ്റി എച്ച്എസ്എസ് എന്നിവിടങ്ങളിലായി ആരംഭിച്ച മേളയിൽ വ്യാഴാഴ്ച  സാമൂഹ്യശാസ്ത്രമേളയും പ്രവൃത്തി പരിചയമേളയും പൂർത്തിയായപ്പോൾ  634 പോയിന്റുകളുമായി കരുനാഗപ്പള്ളി ഉപജില്ലയാണ് മുന്നിൽ. 555 പോയിന്റുമായി ചാത്തന്നൂർ ഉപജില്ല രണ്ടാമതും  524 പോയിന്റുമായി പുനലൂർ ഉപജില്ല മൂന്നാമതുമാണ്. സ്കൂളുകളുടെ കീരിട പോരാട്ടത്തിൽ  139 പോയിന്റുമായി കുറ്റിക്കാട് സിപിഎച്ച്എസ്എസും 132 പോയിന്റുമായി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും കടുത്ത പോരാട്ടം നടത്തുന്നു. പ്രവൃത്തിപരിചയമേളയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാ​ഗത്തിൽ ക്ലേ മോഡലിങ്, ചന്ദനത്തിരി നിർമാണം, മുള ഉൽപ്പന്നങ്ങൾ, ബുക്ക് ബൈൻഡിങ്, ബഡിങ്, ലെയറിങ്, ​ഗ്രാഫ്റ്റിങ്,  ചിരട്ട ഉൽപ്പന്നങ്ങൾ, പാവ നിർമാണം,  ഫാബ്രിക് പെയിന്റിങ്, കുട നിർമാണം, മരപ്പണി തുടങ്ങി 34 വീതം തത്സമയ മത്സരങ്ങളും നടന്നു. മേള  പുനലൂർ ഗവ.എച്ച്എസ്എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ​ ​ഗോപൻ ഉദ്ഘാടനംചെയ്തു. മേളയിൽനിന്ന് ശാസ്ത്ര മേഖലയിൽ അഭിരുചി പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി  ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ എ ലാൽ സ്വാ​ഗതം പറഞ്ഞു. മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷ കനകമ്മ, കൗൺസിലർമാരായ നിമ്മി എബ്രഹാം, ജി ജയപ്രകാശ്, അജി ആന്റണി, വിഎച്ച്എസ്‌സി അസിസ്റ്റന്റ്‌ ഡയറക്ടർ ഒ എസ് ചിത്ര, പുനലൂർ ഡിഇഒ മിനി, കൊല്ലം ഡിഇഒ  എസ് ഷാജി, കൊട്ടാരക്കര എഇഒ ഷീലാകുമാരി, പുനലൂർ എഇഒ അജയകുമാർ, പുനലൂർ ഗവ. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജയ ഹരി,  ഹെഡ് മിസ്ട്രസ് പി എ ഉഷ, സെന്റ് ഗോരേറ്റി സ്കൂൾ പ്രിൻസിപ്പൽ ടി മൃദുല, ഹെഡ് മിസ്ട്രസ് ടി പുഷ്പ, റോയ് എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച ഗവ. എച്ച്എസ്എസിൽ ശാസ്ത്രമേളയും  സെന്റ് ഗൊരേറ്റി എച്ച്എസ്എസിൽ ഗണിതശാസ്ത്രമേളയും ഐടി മേളയും നടക്കും. സമാപന സമ്മേളനം പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News