തീരദേശ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാൻ വനിതാ കമീഷന്‍



കൊല്ലം തീരദേശ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് വനിതാ കമീഷൻ സംഘടിപ്പിക്കുന്ന ക്യാമ്പിന്‌ വ്യാഴാഴ്ച കൊല്ലത്ത്‌ തുടക്കം. സംസ്ഥാനത്ത്‌ സംഘടിപ്പിക്കുന്ന ഒമ്പതു പ്രത്യേക ക്യാമ്പിന്റെ ആദ്യത്തേതാണ്‌ വ്യാഴവും വെള്ളിയും കൊല്ലം തീരദേശ മേഖലയിൽ നടക്കുന്നത്‌.   ‘ഗാർഹിക പീഡന നിരോധന നിയമം 2005’ വിഷയത്തിൽ പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫൻസ് ചർച്ച് ഹാളിൽ വ്യാഴം പകല്‍ രണ്ടിന് നടക്കുന്ന സെമിനാർ വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി ഉദ്ഘാടനംചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. കൊല്ലം വനിതാ സംരക്ഷണ ഓഫീസർ ജി പ്രസന്നകുമാരി ക്ലാസ് നയിക്കും.    വെള്ളി രാവിലെ രാവിലെ 8.30ന് വനിതാ കമീഷൻ തീരദേശ മേഖല സന്ദർശിക്കും. തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഏകോപന യോഗം രാവിലെ 11ന് തങ്കശേരി മൂതാക്കര സെന്റ് പീറ്റേഴ്‌സ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. പി സതീദേവി യോഗം ഉദ്ഘാടനംചെയ്യും. വനിതാ കമീഷന്‍ അംഗം വി ആർ മഹിളാമണി അധ്യക്ഷയാകും. എം മുകേഷ് എംഎൽഎ വിശിഷ്ടാതിഥിയാകും.    മറ്റു മേഖലകളെ അപേക്ഷിച്ച് തീരദേശ മേഖലകളിലെ സ്ത്രീകൾക്ക് പ്രകൃതി ദുരന്തങ്ങൾ, ഗാർഹിക പീഡനം, സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലുമുള്ള അപര്യാപ്തതകൾ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു.  ഈ സാഹചര്യത്തിലാണ് ക്യാമ്പ് നടത്താൻ തീരുമാനിച്ചതെന്ന് പി  സതീദേവി അറിയിച്ചു. Read on deshabhimani.com

Related News