കിളിമഞ്ചാരോയുടെ നെറുകയിൽ നമ്മുടെ കരുനാഗപ്പള്ളിക്കാരൻ

കിളിമഞ്ചാരോ പർവതത്തിന്റെ മുകളിൽ ജിജോ


കരുനാഗപ്പള്ളി യന്തിരൻ സിനിമയിലെ ഗാനരംഗത്തിൽ തിളങ്ങിയ കിളിമഞ്ചാരോയെ അത്രപെട്ടെന്നൊന്നും മലയാളികൾക്ക്‌ മറക്കാനാകില്ല. സഞ്ചാരികളുടെ സ്വപ്‌നമായ ആഫ്രിക്കൻ സമതലങ്ങൾക്കു മുകളിൽ ഗാംഭീര്യത്തോടെ ഉയർന്നുനിൽക്കുന്ന ആ പർവതത്തിന്റെ നെറുകയിൽ കയറിയിരിക്കുകയാണ്‌ കരുനാഗപ്പള്ളിക്കാരൻ. ആദിനാട് സ്വദേശി ജിജോയാണ്‌ കിളിമഞ്ചാരോ പർവതാരോഹണമെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിച്ചത്‌.   ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ ഒരു പർവതനിരകളുടെയും ഭാഗമല്ലാതെ സ്വതന്ത്രമായി നിൽക്കുന്ന പർവതമാണ്‌. സമുദ്രനിരപ്പിൽനിന്ന്‌ 5895 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ കീഴടക്കാൻ എട്ടുമാസത്തെ കഠിന പരിശ്രമമാണ്‌ വേണ്ടിവന്നത്‌. മൂന്നുപർവതനിരകളിൽ ഉയരം കൂടിയ ഉഹുറു പീക്ക് കിബോയിലാണുള്ളത്. ഇത്‌ കീഴടക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്. 50 ശതമാനത്തിനു മുകളിൽ വിജയസാധ്യതയുള്ളതും സാങ്കേതികമായ മലകയറ്റ കഴിവുകൾ വേണ്ട എന്നുള്ളതുമാണ്‌ പർവതാരോഹകരെ കിളിമഞ്ചാരോയിലേക്ക്‌ ആകർഷിക്കുന്നത്‌.    ജിജോ ഉൾപ്പെടെ അഞ്ചുപേരാണ് മലകയറ്റ സംഘത്തിലുണ്ടായിരുന്നത്‌. മലയാളികളായ ഇഗ്നേഷ്യസ് കൈതയ്ക്കൽ,  ആർതർ ആന്റണി, ജിക്കു ജോർജ് എന്നിവരും പുണെ സ്വദേശി അതുൽ ഗിരിയും അടങ്ങുന്ന സംഘം ഒമ്പതിനാണ്‌ മല കയറിത്തുടങ്ങിയത്‌. ഓക്സിജൻ ലെവൽ കുറഞ്ഞതിനാൽ ഒരാൾക്ക്‌ തിരികെ ഇറങ്ങേണ്ടിവന്നു. എട്ടുദിവസം നീളുന്ന ലെമോഷോ വഴിയുള്ള യാത്രയാണ് പർവതത്തിലേക്ക് സംഘം തെരഞ്ഞെടുത്തത്. ശാരീരികക്ഷമത അത്യാവശ്യമായതിനാൽ സൈക്ലിങ്‌, ദീർഘദൂര നടത്തം, കാർഡിയോ പരിശീലനം എന്നിവയെല്ലാം നേരത്തെ ആരംഭിച്ചിരുന്നു.      പർവത മുകളിലെ ഉഹുറു പീക്കിൽ എത്തിയപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിനപ്പുറമാണെന്ന് ജിജോ പറയുന്നു. ആദിനാട് വടക്ക് ബാബു നിവാസിൽ ബാബു ശ്രീധറിന്റെയും വാസന്തിയുടെയും മകനാണ്‌ ജിജോ. Read on deshabhimani.com

Related News