പുനരധിവാസ പാക്കേജ് 
അന്തിമഘട്ടത്തിൽ



കൊല്ലം  തീരദേശ ഹൈവേ നിർമാണത്തിന്റെ ഭാഗമായ പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത്‌ അന്തിമഘട്ടത്തിൽ. കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി), തീരദേശ വികസന കോർപറേഷൻ, കിഫ്ബി എന്നിവരുൾപ്പെട്ട സംഘം തയ്യാറാക്കുന്ന പുനരധിവാസ പാക്കേജ് വൈകാതെ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും. തുടർന്ന്‌ സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും. ഇതിനു ശേഷമാകും തീരദേശ ഹൈവേ കല്ലിടൽ പ്രവൃത്തി വേഗത്തിലാക്കുക.  തീരദേശ ഹൈവേ നിർമാണത്തിനായി ഒഴിപ്പിക്കുന്നതിൽ ഭൂരിഭാഗവും കടലുമായി ബന്ധപ്പെട്ട്‌ തൊഴിൽചെയ്യുന്ന മത്സ്യത്തൊഴിലാളികളാണ്‌. പദ്ധതി പ്രദേശത്ത് വീടുകൾ നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കാനുള്ള ചുമതല തീരദേശ വികസന കോർപറേഷനാണ് നൽകിയിട്ടുള്ളത്‌. ഇതിൽ നഷ്ടപരിഹാരം വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്കാണ് കോർപറേഷൻ ഭൂമി കണ്ടെത്തി വീട് നിർമിച്ചു നൽകുന്നത്. തീരപ്രദേശത്തോട് ചേർന്നുതന്നെ പുനരധിവസിപ്പിക്കുന്ന തരത്തിലാണ് പാക്കേജ് തയ്യാറാക്കുന്നത്. തീരദേശ ഹൈവേ നിർമാണത്തിന്റെ ഭാഗമയി കല്ലിടൽ ജില്ലയിലെ ആദ്യത്തെ റീച്ചായ കാപ്പിൽ മുതൽ തങ്കശേരിവരെയുള്ള പ്രദേശത്തും മൂന്നാമത്തെ റീച്ചായ ഇടപ്പള്ളിക്കോട്ട മുതൽ അഴീക്കൽ പണിക്കർക്കടവ് വരെയുള്ള ഭാഗത്തും ആരംഭിച്ചിരുന്നു. നൂറിലധികം കല്ലുകൾ സ്ഥാപിക്കുകയുംചെയ്തു. ഇതിനെതിരെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. പുനരധിവാസ പാക്കേജ് സർക്കാർ തലത്തിൽ പ്രഖ്യാപിക്കുകയും പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് പൂർണവിവരങ്ങൾ നൽകി ബോധവൽക്കരിക്കുകയും ചെയ്‌തശേഷം കല്ലിടൽ പുനരാരംഭിച്ചാൽമതി എന്നാണ്‌ നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിന്റെ തീരുമാനം. പ്രദേശവാസികളുടെ പുനരധിവാസത്തിനും ഒപ്പം ടൂറിസം വികസനത്തിനും സർക്കാർ പ്രാമുഖ്യം നൽകുന്നു. തീരദേശ ഹൈവേയുടെ വിശദ പദ്ധതിരേഖ (ഡിപിആർ‌)നാറ്റ്പാക്കാണ്‌ തയ്യാറാക്കുന്നത്‌. തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടിയിൽ അവസാനിക്കുന്ന 623 കിലോമീറ്റർ നീളത്തിലാണ്‌ ഹൈവേ നിർമാണം. Read on deshabhimani.com

Related News