കനത്ത മഴ; കിഴക്കൻ മേഖലയിൽ വൻനാശം

പി എസ് സുപാല്‍ എംഎൽഎ ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു


പുനലൂർ കഴിഞ്ഞ ദിവസംപെയ്ത കനത്ത മഴയില്‍ വ്യാപകനാശം. ആര്യങ്കാവ്, കഴുതുരുട്ടി, കരിമ്പുംതോട്ടം, ഇടപ്പാളയം തുടങ്ങിയ സ്ഥലങ്ങളിൽ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം ഇരച്ചുകയറി വീടുകളിൽ ഉപകരണങ്ങൾ നശിച്ചു. റോഡുകൾ തകർന്നിട്ടുണ്ട്‌. ആര്യങ്കാവ് സൊസൈറ്റിക്ക് സമീപമുള്ള വീടുകളില്‍ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ ക്യാമ്പ് തുറന്നു.  മരംവീണ് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. പുനലൂരില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.  പി എസ് സുപാല്‍ എംഎൽഎ ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. റവന്യൂ, പഞ്ചായത്ത് അധികൃതരും ദുരിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. സ്വര്‍ണപിള്ളക്കാട്, കരയാളം തോട്ടം മുതുക്ക്‌വയല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കൂടുതൽ നാശനഷ്‌ടം.    മണ്ണിടിച്ചിൽ; 2 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  പുനലൂർ ചെങ്കോട്ട സെക്‌ഷനിൽ ഭഗവതിപുരത്തിനും ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുമിടയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തു. ചൊവ്വ പകൽ 12ന്‌ കൊല്ലത്തുനിന്ന് പുറപ്പെട്ട കൊല്ലം -–- ചെന്നൈ എഗ്മോർ  എക്‌സ്‌പ്രസ് കൊല്ലത്തിനും ചെങ്കോട്ടയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കിയതിനാൽ ചെങ്കോട്ടയിൽ നിന്നാണ്‌ സർവീസ് നടത്തിയത്‌.  തിങ്കളാഴ്‌ച പുറപ്പെട്ട പാലക്കാട് -–-തിരുനെൽവേലി പാലരുവി എക്സ്പ്രസ് പുനലൂരും ചെന്നൈ എഗ്‌മോർ - കൊല്ലം പ്രതിദിന എക്‌സ്‌പ്രസ് ചെങ്കോട്ടയിലും യാത്ര അവസാനിപ്പിച്ചു. രാത്രി 11.20ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടേണ്ട തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ് പുനലൂർ നിന്നാണ് പാലക്കാടേക്ക് സർവീസ് നടത്തിയത്.    Read on deshabhimani.com

Related News