50ഗ്രാം എംഡിഎംഎയുമായി 
3 യുവാക്കൾ പിടിയിൽ



കരുനാഗപ്പള്ളി അമ്പത്‌ ഗ്രാം എംഡിഎംഎയും 25ഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസിന്റെ പിടിയിൽ. കരുനാഗപ്പള്ളി കല്ലേലിഭാഗം വേങ്ങറ കടവിൽതെക്കേതിൽ വീട്ടിൽ അനന്തു (25), ശൂരനാട് വടക്ക് ചരിഞ്ഞയ്യത്ത് വീട്ടിൽ  പ്രവീൺ (22), കല്ലേലിഭാഗം അൻസിൽ നിവാസിൽ അഹിനസ്‌ (22)എന്നിവരാണ് അറസ്റ്റിലായത്. പ്രവീൺ സജീവ ആർഎസ്എസ് പ്രവർത്തകനാണ്. സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം തൊടിയൂർ -പുലിയൂർവഞ്ചി ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് യുവാക്കൾ തമ്പടിക്കുന്നതായും ചിലർ അന്യസംസ്ഥാനങ്ങളിൽ നിരന്തരം യാത്രചെയ്യുന്നതായും രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഷാഡോ സംഘം പ്രദേശത്ത്‌ നിരീക്ഷണം നടത്തിവരികയായിരുന്നു. ബം​ഗളൂരിൽനിന്ന് എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ കരുനാഗപ്പള്ളി മേഖലയില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തിവരുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മൂന്നാം പ്രതിയായ അഹിനസ് താമസിച്ചുവന്ന വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. പ്രവീണിന്റെ ഡ്യൂക്ക് ബൈക്കിൽനിന്ന് 25ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർ കെ ജി രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്‌ എസ്‌ ശ്രീനാഥ്, ബി എസ് അജിത്, മുഹമ്മദ് കാഹിൽ ബഷീർ, വി അജീഷ് ബാബു, ജൂലിയൻ ക്രൂസ്, ജി ഗോപകുമാർ, വനിതാ സിഇഒമാരായ ജി ഗംഗ, ശാലിനി ശശി, ഡ്രൈവർ നിഷാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു. Read on deshabhimani.com

Related News