സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന് 
ആരോപിച്ച്‌ മർദനം: പ്രതി പിടിയിൽ

രാഹുൽ


കരുനാഗപ്പള്ളി സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ വിളിച്ചുവരുത്തി മർദിച്ച കേസിൽ പ്രതി പിടിയിൽ. കൊട്ടാരക്കര ഓടനാവട്ടം തുറവൂർ രാഹുൽ ഭവനിൽ രാഹുൽ (26, അമ്പാടി)ആണ് അറസ്റ്റിലായത്‌. ആലപ്പുഴ വള്ളികുന്നം സ്വദേശിയായ അച്ചു (19)വിനാണ്‌ മർദനമേറ്റത്‌. കഴിഞ്ഞ വ്യാഴാഴ്ചയാണ്‌ സംഭവം. സമൂഹമാധ്യമത്തിൽ രാഹുൽ പങ്കുവച്ച പോസ്റ്റിനു താഴെ മോശം കമന്റിട്ടു എന്ന്‌ ആരോപിച്ചായിരുന്നു മർദനം. കൊറിയർ നൽകാമെന്നു പറഞ്ഞ്‌ കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തി ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം മർദിച്ച്‌ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത്‌ ശ്രദ്ധയിൽപ്പെട്ട പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ്‌ സെൽ ജില്ലാ പൊലീസ് മേധാവിക്ക് ദൃശ്യങ്ങൾ കൈമാറുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ മർദനമേറ്റ അച്ചുവിനെ കണ്ടെത്തുകയും ഇയാളുടെ മൊഴിയിൽ കേസ് രജിസ്റ്റർചെയ്യുകയുമായിരുന്നു. അച്ചുവിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും ഫോൺ നമ്പർ പരിശോധിച്ച്‌ നടത്തിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതി പൂയപ്പള്ളി സ്റ്റേഷനിൽ 15 കേസിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമാണെന്ന് കണ്ടെത്തി. 2018-ൽ ഓടനാവട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിലും വ്യാപാരിയെ ആക്രമിച്ചു പണംകവർന്ന കേസിലും പ്രതിയാണ് രാഹുൽ. ഇൻസ്പെക്ടർ എസ്എച്ച്ഒ ജി ഗോപകുമാർ, എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ആർ ശ്രീകുമാർ, ജൂനിയർ എസ്ഐ ശ്രീലാൽ, എഎസ്ഐമാരായ നന്ദകുമാർ, ഷാജിമോൻ എന്നിവരടങ്ങിയ സംഘം തെന്മലയിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.  Read on deshabhimani.com

Related News