ഭൂമി ഏറ്റെടുക്കാൻ പാട്ടക്കരാർ വ്യവസ്ഥ നിശ്ചയിക്കും



കൊല്ലം നീണ്ടകര പരിമണത്തുനിന്ന് 73 ഏക്കർ പാട്ടത്തിനെടുക്കാനുള്ള ചവറ കെഎംഎംഎല്ലിന്റെ പുതിയ പദ്ധതിയിൽ പാട്ടക്കരാർ വ്യവസ്ഥകൾ നിശ്ചയിച്ച്‌ ഒരുമാസത്തിനകം റിപ്പോർട്ട്‌ നൽകാൻ കലക്‌ടർക്കും കെഎംഎംഎല്ലിനും റവന്യൂവകുപ്പ്‌ നിർദേശംനൽകി. സ്ഥലവാടകയും അതിലുള്ള കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, മറ്റ്‌ വസ്തുക്കൾ എന്നിവയുടെ വിലയും പരിഗണിച്ചാകും പാട്ടത്തിന്‌ ഏറ്റെടുക്കുന്നതിന്റെ വ്യവസ്ഥകൾ നിശ്ചയിക്കുക. കലക്‌ടറും കെഎംഎംഎല്ലും സംയുക്തമായാണ്‌ വ്യവസ്ഥ നിശ്ചയിക്കുക. 400 സ്വകാര്യ വ്യക്തികളിൽനിന്ന്‌ ഉയർന്ന വിലകൊടുത്ത്‌ ഭൂമി ഏറ്റെടുക്കുകയും ഖനനത്തിനുശേഷം റീഫില്ലിങ്‌ നടത്തി ഭൂമി തിരികെ കൈമാറുകയും ചെയ്യുന്ന 400 കോടിയുടെ പദ്ധതിയാണ്‌ നീണ്ടകരയിൽ നടപ്പാക്കുന്നത്‌. ഒരു സെന്റിന്‌ 10 –-12 ലക്ഷം രൂപയെങ്കിലും ലഭിക്കുംവിധമാണ്‌ വില നിർണയിക്കുക. പദ്ധതി നടപ്പാകുന്നതോടെ കുറഞ്ഞത്‌ എട്ടു വർഷത്തേക്ക്‌ അസംസ്‌കൃത വസ്തുവായ ഇൽമനൈറ്റ്‌ ലഭ്യമാക്കുന്ന മണ്ണ്‌  കെഎംഎംഎല്ലിന്‌ ലഭിക്കുമെന്ന്‌ മാനേജിങ്‌ ഡയറക്ടർ ചന്ദ്രബോസ്‌ ജനാർദനൻ പറഞ്ഞു. ഇതുസംബന്ധിച്ച്‌ ഭൂവുടമകളുടെ സമ്മതത്തോടെ കെഎംഎംഎൽ വ്യവസായവകുപ്പിന്‌ കൈമാറിയ ഫയലാണ്‌ റവന്യൂ വകുപ്പിന്റെ പരിഗണനയിലുള്ളത്‌. പരിമണത്തിനൊപ്പം ചിറ്റൂരിൽനിന്ന് ഭൂമി ഏറ്റെടുക്കാൻ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസും തുറന്നിട്ടുണ്ട്‌.  Read on deshabhimani.com

Related News