കൊടുംകുറ്റവാളികൾ ഉൾപ്പെടെ 185 പേർ പിടിയില്‍



കൊല്ലം ‘ഓപ്പറേഷൻ ആഗി’ന്റെ ഭാഗമായി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെടെ 185 പേർ പിടിയിൽ. സിറ്റി പൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 81 പേർ അറസ്റ്റിലായി. റൂറൽ ജില്ലയിൽ 104 പേരും. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം ശനി അർധരാത്രി മുതൽ ഞായർ പുലർച്ചെ വരെ കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എസിപിമാരുടെയും കൊട്ടാരക്കര, പുനലൂർ, സ്‌പെഷ്യൽ ബ്രാഞ്ച്‌ ശാസ്‌താംകോട്ട ഡിവൈഎസ്‍പിമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.  പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ എട്ടുപേരെ കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിലും ഏഴുപേരെ വീതം ശക്തികുളങ്ങര, അഞ്ചാലുംമൂട്, കിളികൊല്ലൂർ, കരുനാഗപ്പള്ളി  സ്റ്റേഷനുകളിലും പിടികൂടി. ആറുപേരെ ഇരവിപുരം സ്റ്റേഷനിലും അഞ്ചുപേരെവീതം പള്ളിത്തോട്ടം, കൊല്ലം ഈസ്റ്റ്, ചാത്തന്നൂർ  സ്റ്റേഷനുകളിലും നാലുപേർ വീതം കൊല്ലം വെസ്റ്റ്, കൊട്ടിയം  സ്റ്റേഷനുകളിലും മൂന്നുപേരെ വീതം ചവറ, തെക്കുംഭാഗം, പാരിപ്പള്ളി  സ്റ്റേഷനുകളിലും രണ്ടുപേരെ വീതം ഓച്ചിറ, പരവൂർ സ്റ്റേഷനിലുമായി അറസ്റ്റ്‌ചെയ്തു.  കാപ്പാ നിയമപ്രകാരം നടപടി നേരിട്ടവരും മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരുമായ ജില്ലയിലെ പ്രധാന കുറ്റവാളികളായ അരുൺ(27), അരുൺദാസ്(31), ദാസൻ(49), ഷാനു(28), ഹാരിസൺ(32), നിതിൻ(32), പത്മചന്ദ്രൻ(45), ആഷിഖ്(22), ചന്തു(26), ശ്യാം(23), ശബരി(22), പ്രദീപ്(36), അൻസിൽ(20), മെൽബിൻ(28), മിറാഷ്(26), ഇൻഷാദ്(27), ലതികേഷ്(40)എന്നിവർ പിടിയിലാവരിൽ ഉൾപ്പെടുന്നു. കൊട്ടിയം സ്റ്റേഷനിൽ കാപ്പാ പ്രകാരം അറസ്റ്റിലായ ഇൻഷാദിനെ കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് അയച്ചു. ഗുരുതര  കേസുകളിൽ ഉൾപ്പെട്ട ഓരോരുത്തരെ വീതം ശക്തികുളങ്ങര, കിളികൊല്ലൂർ, കണ്ണനല്ലൂർ എന്നീ സ്റ്റേഷൻ പരിധിയിൽനിന്ന്‌ പിടികൂടി. ഡ്രൈവിന്റെ ഭാഗമായി 157 കുറ്റവാളികളെ പൊലീസ് നിരീക്ഷണത്തിലാക്കി. സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും  കർശന പരിശോധന തുടരുമെന്നും സിറ്റി പൊലീസ്‌ കമീഷണർ അറിയിച്ചു. Read on deshabhimani.com

Related News