റിട്ട. എസ്‌പി പി എം ഹരിദാസ് അന്തരിച്ചു



കൊല്ലം സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്‌പി പി എം ഹരിദാസ് (83)അന്തരിച്ചു.  കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാം​ഗമാണ്. അയത്തിൽ പാൽക്കുളങ്ങര ന​ഗർ–- അഞ്ച്‌ ഭാവനയിൽ താമസം. 1984ൽ ചെങ്ങന്നൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ്‌ ചാക്കോ വധക്കേസ്‌ അന്വേഷിച്ചത്‌. കൊല്ലപ്പെട്ടത് കുറുപ്പല്ലെന്നും കൊലപാതകിയാണ് കുറുപ്പെന്നും ലോകമറിഞ്ഞത് ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന  അന്വേഷണത്തിലാണ്.  ഇൻഷുറൻസ് തുക തട്ടാൻ ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയെ സുകുമാരക്കുറുപ്പ് കൊന്ന് കത്തിച്ചതാണെന്ന് കണ്ടെത്തി. സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തി.  ചങ്ങനാശ്ശേരി കുറിച്ചി അന്നമ്മ കൊലപാതകം, കോട്ടയം ഏന്തയാർ ഇരട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകൾ തെളിയിച്ചിട്ടുണ്ട്. അന്വേഷിച്ച കേസുകളെക്കുറിച്ച് ഒരു മാ​ഗസിനിൽ കോളം എഴുതിയിരുന്നു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കൊല്ലം എൽഡേഴ്സ് ഫോറം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: വസുന്ധര. മക്കൾ: ഡോ. രൂപ, ടിക്കു, മരുമകൻ: രാമനാഥൻ. സംസ്‌കാരം പോളയത്തോട് വിശ്രാന്തിയിൽ തിങ്കൾ പകൽ11ന്.    ഹരിദാസും യാത്രയായി; 
ഇന്നും അദൃശ്യനായി സുകുമാരക്കുറുപ്പ്‌ സ്വന്തം ലേഖകൻ കൊല്ലം നാലുപതിറ്റാണ്ടു മുമ്പ്‌ സുകുമാരക്കുറുപ്പിനെ അന്വേഷിച്ചിറങ്ങിയ എസ്‌പി ഹരിദാസും യാത്രയായി. ചാക്കോ വധക്കേസിലെ  പ്രതി  സുകുമാരക്കുറുപ്പ്‌  എവിടെയെന്ന ചോദ്യം ഇനിയും ബാക്കി. പ്രമാദമായ നിരവധി കൊലപാതകക്കേസുകൾ അന്വേഷിച്ച്‌ കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പാക്കിയ ഹരിദാസിന്റെ അന്വേഷണ മികവ്‌ ഏറെ ശ്രദ്ധനേടി.    1984ൽ ചെങ്ങന്നൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ്‌ ചാക്കോ വധക്കേസ്‌ അന്വേഷിച്ചത്‌. കുറുപ്പിനെ കണ്ടെത്താൻ രാജ്യത്തു മാത്രമല്ല, വിദേശത്തും അന്വേഷിച്ചു. കേരളത്തിൽ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ കസ്‌റ്റഡിയിലെടുത്തു. അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലെത്തി. എന്നാൽ, കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കുറുപ്പിനെ അറസ്റ്റ്‌ ചെയ്യാതെയാണ്‌  മാവേലിക്കര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്‌. ഭാസ്‌കരപിള്ള, പൊന്നപ്പൻ, സരസമ്മ, തങ്കമണി, ഷാഹു എന്നിവരായിരുന്നു കുറ്റപത്രത്തിലെ മറ്റുള്ളവർ. പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. ഷാഹുവിനെ മാപ്പുസാക്ഷിയാക്കി.  സുകുമാരക്കുറുപ്പിന്റെ ‘മരണ’ത്തിൽ പൊലീസിന് ആദ്യം മുതൽ സംശയമുണ്ടായിരുന്നു. മരണവീട്ടിൽ ആരുടെയും മുഖത്ത് സങ്കടം ഉണ്ടാകാതിരുന്നതാണ്‌ ഹരിദാസിൽ സംശയമുണർത്തിയത്‌. അപകടക്കേസായി പരിഗണിക്കാതെ കൊലക്കേസായി ഹരിദാസ് രജിസ്റ്റർചെയ്തു.    മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി ഒന്നിൽ മാവേലിക്കര പിഎസ്‌ ക്രൈം നമ്പർ 22/84 എന്ന കേസ് ഫയൽ ലോങ്‌ പെൻഡിങ്‌ പട്ടികയിൽ (എൽപി) തുടരുന്നു. തെളിവ് ലഭിച്ചാൽ ഈ ഫയൽ വീണ്ടും തുറക്കാം.  ദുൽഖർ സൽമാൻ നായകനായി കുറുപ്പ്‌ എന്ന പേരിൽ സിനിമ ഇറങ്ങിയതോടെയാണ്‌ ചാക്കോവധം  വീണ്ടും ചർച്ചയായത്‌.  സുകുമാരക്കുറുപ്പിനെ കണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്‌ അന്വേഷകസംഘം അടുത്തിടെ പഞ്ചാബിൽ  പോയിരുന്നു. വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്ന ഹരിദാസിനെതേടി വിദേശമാധ്യമങ്ങളും എത്തിയിരുന്നു.   Read on deshabhimani.com

Related News