മൈക്രോഫിനാൻസിന്റെ പേരിൽ പണം തട്ടിയതായി പരാതി



കുന്നിക്കോട്  മൈക്രോഫിനാൻസ് വായ്പ വാഗ്ദാനംചെയ്ത് വീട്ടമ്മമാരിൽനിന്ന് പണം തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുന്നിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിളക്കുടി , തലവൂർ പഞ്ചായത്തുകളിലാണ് തട്ടിപ്പ് സംബന്ധിച്ച് പരാതി ഉയർന്നത്. ​ലോൺ അനുവദിക്കാമെന്നുപറഞ്ഞ് സ്ത്രീകളെ സമീപിക്കുന്ന സംഘം ഇവരുടെ കൂട്ടായ്മ രൂപീകരിക്കും. പിന്നാലെ ഇവരിൽനിന്ന് രജിസ്ട്രേഷൻ ഫീസ് എന്നപേരിൽ 960 രൂപ ഈടാക്കി മുങ്ങുകയാണ് പതിവ്. ഇടപാടുകാരെ വിശ്വസിപ്പിക്കാനായി തങ്ങളുടെ വിസിറ്റിങ് കാർഡ് നൽകിയാണ് ഇവർ സ്ഥലംവിടുക. ഇതിൽ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനം എന്നാണ് കാണിച്ചിരിക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇതിൽ നൽകിയിരുന്ന നമ്പരിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. മാത്രമല്ല തമിഴിലുള്ള റെക്കോ‌‌ഡഡ് സന്ദേശമാണ് കേൾക്കാൻ കഴിഞ്ഞത്. വിളക്കുടി പഞ്ചായത്തിലെ ആവണീശ്വരം കേന്ദ്രീകരിച്ച് ഒരു ഗ്രൂപ്പിൽനിന്ന് മാത്രം 10,000 രൂപ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഇതിലാണ് സ്പെഷ്യൽബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.  തമിഴ്നാട്ടിൽനിന്ന് എത്തി പുനലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പണമിടപാടുകാർക്ക് ഇവരുമായി ബന്ധമുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. അതിർത്തി പ്രദേശമായ പുളിയറയിൽനിന്ന് എത്തുന്ന സംഘമാണ് പുനലൂർ മുതൽ കൊട്ടാരക്കര വരെയുള്ള ഗ്രാമങ്ങളിൽ കൊള്ളപ്പലിശയ്ക്ക് കടം നൽകുന്നത്. കൂലിപ്പണിക്കാരായ കുടുംബങ്ങളെയാണ് പ്രധാനമായി ഇരകളാക്കുക. 10,000 രൂപ നൽകിയാൽ 60 ദിവസം കഴിയുമ്പോൾ 15,000രൂപ  തിരികെ നൽകണം. തിരിച്ചടവിൽ മുടക്കംവരുത്തിയാൽ ബൈക്കിലെത്തുന്നസംഘം വീടുകളിൽ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തും. Read on deshabhimani.com

Related News