നന്മവണ്ടിയുടെ അന്നമൂട്ട്‌ അഞ്ഞൂറിന്റെ നിറവിൽ

നന്മവണ്ടി പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു


കരുനാഗപ്പള്ളി നന്മവണ്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രഭാതഭക്ഷണം അന്നദാന പദ്ധതി  500 ദിവസം പിന്നിട്ടു. പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ ക്ഷയരോഗ ബാധിതർ, ശ്വാസകോശ രോഗികൾ, കൂട്ടിരിപ്പുകാർ, ഓച്ചിറ ബസ് സ്റ്റാൻഡ്‌ പരിസരത്തെ കടത്തിണ്ണകളിൽ അഭയം കണ്ടെത്തിയ, വയോധികർ, അംഗപരിമിതർ, ഒറ്റപ്പെട്ടവർ തുടങ്ങിയവർക്കാണ് നന്മവണ്ടി  പ്രഭാത ഭക്ഷണം വിതരണംചെയ്യുന്നത്.  ദിനംപ്രതി 80 പേർക്കാണ്  അന്നം എത്തിക്കുന്നത്. ഓരോ ദിവസവും ഓരോ വ്യക്തികളാണ് ഭക്ഷണത്തിന്റെ തുക സ്പോൺസർ ചെയ്യുന്നത്. രാവിലെ ഏഴിന്‌ ആശുപത്രിയിലും എട്ടിന്‌ ഓച്ചിറ ബസ് സ്റ്റാൻഡ്‌ പരിസരത്തും നന്മവണ്ടി ഭക്ഷണവുമായി എത്തും. വ്യത്യസ്ത വിഭവങ്ങളാണ് ഓരോ ദിവസവും.എം കെ ബിജു മുഹമ്മദ്, ഹാരിസ് ഹാരി എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നു. വടക്കുംതല പനയന്നാർകാവ് എസ് വിപിഎം ഹൈസ്‌കൂൾ പ്രധാനധ്യാപകൻ അബ്ദുൽ ഷുക്കൂർ ആണ് നന്മ വണ്ടിയുടെ രക്ഷാധികാരി. Read on deshabhimani.com

Related News