കുളിർമയേകി 
വാളത്തുംഗൽ കാവ്‌

വാളത്തുംഗൽ കാവ്


കൊല്ലം കത്തുന്ന വെയിലിലും കുളിർമയേകുന്ന അന്തരീക്ഷമാണ്‌ കൊല്ലം വാളത്തുംഗൽ കാവിലേക്ക് കടന്നുചെല്ലുമ്പോൾ. സൂര്യപ്രകാശം മണ്ണിലേക്ക് എത്താൻ മടിക്കുന്ന തരത്തിൽ ഇടതൂർന്ന് വളർന്ന് വള്ളിപ്പടർപ്പുകളും ചെടികളുംകൊണ്ട്‌ സമ്പന്നമാണ്‌ കാവ്‌. ഇരവിപുരം തിരുമുക്ക് പുത്തൻചന്തയിൽനിന്ന്‌ 200 മീറ്ററോളം ഉള്ളിലേക്ക്‌ മാറിയാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. വാളരാം കാവ്, വാളത്തുങ്കൽ കാവ്, അമ്പൂക്കാവ്, ചേരൂർ കാവ് എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്ന കാവിൽ വനദുർഗയാണ് പ്രതിഷ്ഠ. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പ്രതികൂലമായിരുന്ന അവസ്ഥയിൽ സാമൂതിരിയുടെ സാമന്തന്മാരിൽ പലരും മലബാറിൽനിന്ന് തിരുവിതാംകൂറിലേക്ക് കുടിയേറി. അന്ന് അവരിൽ ചിലരുടെ കുലദൈവമായിരുന്ന കാടാമ്പുഴദേവിയുടെ ചൈതന്യത്തെ ആവാഹിച്ച്‌ കൊണ്ടുവന്ന ഇവർ വാളത്തുങ്കലിൽ മണൽ പരപ്പായിരുന്ന ഒരിടത്ത് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. കാലക്രമേണ ആ മണൽപ്പരപ്പ് കാവായ് വളർന്നുവെന്നാണ് പ്രദേശത്തെ പ്രായമായവരുടെ വിശ്വാസം. അന്ന് സ്വയരക്ഷയ്ക്കായി സാമന്തന്മാർ കൊണ്ടുവന്ന വാളുകളും ആയുധങ്ങളും ഇവിടെ ഉപേക്ഷിച്ചു എന്നും കാലക്രമേണ വാളേറാം കാവ് എന്ന പേര് ഈ കാവിനു വരികയുംചെയ്തു. ചേരൂർ മൂലകുടുംബം സ്ഥാപിച്ച ട്രസ്റ്റിന് കീഴിലാണ് വാളത്തുംഗൽക്കാവ്‌. ഔഷധസസ്യങ്ങളും വള്ളിച്ചെടികളും  വിവിധതരം കൂറ്റൻ മരങ്ങൾ കാവിനുള്ളിൽ സമ്പുഷ്ടമായി വളരുന്നുണ്ട്. ഒപ്പം അപൂർവയിനം ഔഷധസസ്യങ്ങളും സൂക്ഷ്മസസ്യങ്ങളും വിവിധതരം പായലുകളും ഇവിടെ ജൈവവൈവിധ്യം തീർക്കുന്നു. വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകൾ, ഓന്ത്‌, അണ്ണാൻ, വവ്വാൽ, വള്ളിപ്പൂച്ചകൾ, ചെറു കുറുനരികൾ എന്നിവയുടെ ആവാസകേന്ദ്രംകൂടിയാണ്‌ ഇവിടം. കേരളത്തിലെ കാവുകൾ സംരക്ഷിത മേഖലകളാക്കി സംരക്ഷിക്കുന്നുണ്ടെങ്കിലും കാവുകളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. പ്രദേശത്തെ കിണറുകളിലെ ജലസ്രോതസ്സ്‌ കാത്തുസൂക്ഷിക്കുന്നതിലും കാവിന്റെ പങ്ക് വളരെ വലുതാണ്. പല സ്ഥലങ്ങളിൽനിന്ന്‌ കാവുകളെക്കുറിച്ച് പഠിക്കാനുള്ള വിദ്യാർഥികളും അധ്യാപകരും ഇവിടം സന്ദർശിക്കാറുണ്ട്. Read on deshabhimani.com

Related News