ജില്ലയില്‍ നൂറിലധികം കേസ്



  കൊല്ലം കുട്ടികളിലടക്കം സൈബർ കുറ്റകൃത്യം വർധിച്ചുവരുന്നതായി സൈബർ വിഭാഗത്തിന്റെ കണ്ടെത്തൽ. ജില്ലയിൽ ഈ വർഷം ഇതുവരെ നൂറിലധികം കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. വീട്ടമ്മമാരും വിദ്യാർഥിനികളുമാണ് കേസിൽ ഇരകൾ. സൈബർ ഇന്റലിജൻസ് വിഭാഗം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹൈടെക് സെല്ലും സൈബർ സെല്ലും ചേർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ റെയ്ഡ് നടത്തുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനു സംസ്ഥാന പൊലീസ് രൂപം നൽകിയ പ്രത്യേക വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ്‌ സൈബർ ഇന്റലിജൻസ് വിഭാഗം പ്രവർത്തിക്കുന്നത്‌. ഹോട്ടൽ, വസ്ത്രശാല, ഹോട്ടൽമുറി, ബസ് സ്റ്റേഷനിലെയും ട്രെയിനിലെയും ശൗചാലയങ്ങൾ, വസ്ത്രംമാറാനുള്ള മുറികൾ എന്നിവിടങ്ങളിലാണ്‌ മൈബൈൽ രഹസ്യക്യാമറകൾ ഉപയോഗിച്ചുള്ള  കുറ്റകൃത്യം അധികവും നടക്കുന്നത്‌. ഇവിടങ്ങളിൽ സ്ത്രീകൾ സൂഷ്മപരിശോധന നടത്തിയശേഷമേ അകത്തേക്ക് കയറാകൂ എന്നും സൈബർസെൽ വിഭാഗം മുന്നറിയിപ്പു നൽകുന്നു.  സഹപാഠിയുടെ നഗ്നചിത്രങ്ങൾ വാട്‌സാപ് വഴി പ്രചരിപ്പിച്ചതടക്കമുള്ള കേസാണ് കഴിഞ്ഞവർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിയിൽ ചാറ്റുചെയ്ത് ചതിക്കുഴികളിൽ വീണ പെൺകുട്ടികളും ഒട്ടേറെയാണ്‌.  നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങൾ ഉൾപ്പെടെ കൃത്യമായി മനസ്സിലാക്കാൻ സംസ്ഥാന പൊലീസിനുള്ള സാങ്കേതിക സംവിധാനംവഴി കഴിയും. ധാരാളം വാട്സാപ് ഗ്രൂപ്പ് മനസ്സിലാക്കാനും നിയമപാലകർക്ക് കഴിഞ്ഞിട്ടുണ്ട്. പിടിയിലായ ഭൂരിഭാഗംപേരും ഫെയ്സ്ബുക്ക്, വാട്‌സാപ് എന്നീ സമൂഹമാധ്യമങ്ങളിലൂടെയും ഇന്റർനെറ്റ് മുഖേനയാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും പൊലീസ് തുടർന്നുവരുന്നു.  പിടിവീഴും ഐടി ആക്ട് (വിവരസാങ്കേതിക നിയമം) 67 പ്രകാരം അശ്ലീലചിത്രങ്ങളോ സന്ദേശങ്ങളോ പ്രസിദ്ധീകരിക്കാനോ മറ്റുള്ളവർക്ക് അയയ്ക്കാനോ പാടില്ല. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വാട്‌സാപ് ഗ്രൂപ്പുകൾ വ്യാപകമായതോടെ പലപേരിൽ അശ്ലീല ഗ്രൂപ്പും പെരുകുന്നു. ഈ ഗ്രൂപ്പുകളിൽ കുടുങ്ങുന്നവരിലധികവും അഡ്മിൻമാരാണ്. ഗ്രൂപ്പ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കഴിയും. കുട്ടികളുടെ നഗ്നചിത്രവും വീഡിയോയും കാണുന്നതും ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷംവരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.മൊബൈൽ ഫോണിലൂടെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കേസിൽ തെളിവു നശിപ്പിക്കാൻ കഴിയില്ല. ഫോണിൽനിന്ന് എത്ര വിദഗ്‌ധമായി ഡിലീറ്റ് ചെയ്താലും കണ്ടുപിടിക്കാനാകുമെന്ന് സൈബർ വിഭാഗം ചൂണ്ടിക്കാട്ടുന്നു.   Read on deshabhimani.com

Related News