നെഹ്‌റുവിനായി വർണത്തുള്ളികൾ തൊട്ടു; താടിക്കാരൻ നേട്ടം കൊയ്തു

രതീഷ് താടിക്കാരൻ വരച്ച നെഹ്‌റു 
ചിത്രം


സ്വന്തം ലേഖകന്‍ എഴുകോൺ വർണത്തുള്ളികൾ തൊട്ടുതൊട്ട് രതീഷ് താടിക്കാരൻ എന്ന കലാകാരൻ നടന്നുകയറിയത് റെക്കോഡിലേക്ക്. നിറങ്ങളുടെ തുള്ളികൾ പ്രത്യേക രീതിയിൽ ചേർത്തുവച്ച് ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം വരച്ച കൊട്ടാരക്കര അവണൂർ രമ്യാ ഭവനിൽ രതീഷ് താടിക്കാരൻ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടം നേടിയിരിക്കുകയാണ്. കേൾക്കുമ്പോൾ നിസാരമെന്നു തോന്നുമെങ്കിലും വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് രതീഷ് ചിത്രം പൂർത്തിയാക്കിയത്.  തമ്മിൽ കൂട്ടിമുട്ടാതെ സൂക്ഷ്മതയോടെയാണ് ഓരോ തുള്ളിയും ബ്രഷ് ഉപയോഗിച്ച് തൊടുന്നത്. കൃത്യമായ അളവിൽ കളർ എടുത്തില്ലെങ്കിൽ തുള്ളികൾ പടരും. അതിനാൽ ക്ഷമയോടെ നല്ല പരിശീലനം നടത്തിയാണ് ഉദ്യമത്തിലേക്ക് കടന്നത്. 37 സെ.മീ ഉയരവും 25 സെ. മീ വീതിയുമുള്ളതാണ്‌ ചിത്രം.  ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനിൽ നിന്ന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡ് ആദരം രതീഷ് ഏറ്റുവാങ്ങി. സജി ചെറിയാന്റെ ഛായാചിത്രം രതീഷ് നൽകി. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎയും പങ്കെടുത്തു.   കൊട്ടാരക്കര രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ചിത്രകലാ പഠനം പൂർത്തിയാക്കിയ ശേഷം ബോർഡും ബാനറും എഴുതുകയായിരുന്നു ജോലി. തുടർന്ന് ചിത്രകല അധ്യാപകനായും വിദേശ രാജ്യങ്ങളിൽ ഡ്രോയിങ് ആർട്ടിസ്റ്റായും ജോലി ചെയ്തു. അബുദാബി ഷെയ്ഖ് സെയ്ദ് ഫെസ്റ്റിവലിൽ സോളോ എക്സിബിഷൻ നടത്തി. ഇപ്പോൾ കാക്കനാട് "താടിക്കാരൻസ്’ എന്ന പേരിൽ ആർട്ട് ഗാലറി നടത്തുകയാണ് രതീഷ്.  ചിത്രകലയിൽ വ്യത്യസ്തത ആഗ്രഹിക്കുന്ന രതീഷിന്റെ അന്വേഷണം വർണത്തുള്ളികൾ കൊണ്ടൊരു ചിത്രം എന്ന ആശയത്തിൽ എത്തുകയായിരുന്നു. പി കെ എബിയാണ് രതീഷിന്റെ ഭാര്യ.   Read on deshabhimani.com

Related News