പൊതുവിതരണരംഗത്തെ സാമൂഹ്യഇടപെടലില്‍ കേരളം മാതൃക: ജി ആര്‍ അനില്‍

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണംചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ ‘നിറവ്' പദ്ധതി 
ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ ഉദ്ഘാടനംചെയ്യുന്നു


കൊല്ലം പൊതുവിതരണരംഗത്തെ സാമൂഹിക ഇടപെടലിൽ കേരളം മാതൃകയാണെന്ന് ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണംചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ ‘നിറവ്' പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഈമാസം അവസാനത്തോടെ അഗതിമന്ദിരങ്ങളിലെ അന്തേവാസികൾ ഉൾപ്പെടെ എല്ലാ കുടുംബങ്ങൾക്കും റേഷൻകാർഡ് നൽകും. എല്ലാ വിഭാഗക്കാർക്കും സംസ്ഥാന സർക്കാർ വിവിധ ആനുകൂല്യം നൽകുന്നുണ്ട്. സംസ്ഥാനത്തെ 137 ഊരുകളിലടക്കം സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യം എത്തിക്കുന്നു. ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളെ കരുതലോടെ കാണുന്ന നയമാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ് കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, സ്ഥിരംസമിതി അധ്യക്ഷരായ പി കെ ഗോപൻ, ജെ നജീബത്ത്, വസന്താ രമേശ്, അംഗങ്ങളായ സി പി സുധീഷ്‌കുമാർ, ബി ജയന്തി എന്നിവർ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പോഷകഭക്ഷ്യക്കിറ്റ് വിതരണംചെയ്യുന്ന ‘നിറവ്' പദ്ധതി സംസ്ഥാനത്ത്‌ ആദ്യമായി നടപ്പാക്കുന്ന ജില്ലയെന്ന ഖ്യാതി കൊല്ലത്തിന്‌. ഭിന്നശേഷി സ്‌കോളർഷിപ് ലഭിക്കുന്ന 2400 കുട്ടികൾക്ക് 2500 രൂപ വിലമതിക്കുന്ന മട്ട അരി (10 കി.), ഓട്‌സ് (1 കി.), ബദാം (250 ഗ്രാം), കശുവണ്ടി, ഹോർലിക്‌സ്, ഈന്തപ്പഴം എന്നിവ 500ഗ്രാം വീതം, മിൽമാപേട 180 ഗ്രാം (2 എണ്ണം), മിൽമ പൗഡർ 200ഗ്രാം പാക്കറ്റ് (2 എണ്ണം), ഡയറിഫ്രഷ് ബട്ടർ റസ്‌ക് 180ഗ്രാം പാക്കറ്റ് (1), മിൽക്ക് കുക്കീസ്(1), ജാക്ക്ഫ്രൂട്ട് പുഡിങ്‌കേക്ക്-1 (500 ഗ്രാം) എന്നിങ്ങനെ 11 ഇനങ്ങൾ അടങ്ങിയ കിറ്റാണ് നൽകുന്നത്. Read on deshabhimani.com

Related News