അഞ്ചൽ പഞ്ചായത്ത്‌ ഓഫീസ്‌ അടച്ചു



അഞ്ചൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗവ്യാപനത്തിൽ അൽപ്പം ആശ്വാസമുണ്ടായിരുന്നെങ്കിലും ആശങ്ക ഉയർത്തി അഞ്ചൽ മേഖലയിൽ കഴിഞ്ഞ ദിവസം ഒമ്പത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ  അഞ്ചൽ  പഞ്ചായത്ത് ഓഫീസ് അടച്ചിരിക്കുകയാണ്‌. ജൂലൈ 28ന്‌ ചേർന്ന സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു.  ഈ യോഗത്തിൽ പങ്കെടുത്ത  പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റ് സ്റ്റാൻഡിങ്‌ കമ്മിറ്റി  അംഗങ്ങളും സ്വയം നിരീക്ഷണത്തിലായി.  പഞ്ചായത്ത് ഓഫീസ് തിങ്കളാഴ്‌ച  ഫയർഫോഴ്സ്‌  അണുവിമുക്തമാക്കും. ഇടമുളയ്ക്കൽ പഞ്ചായത്തിൽ ആറുപേർക്കാണ്‌ കോവിഡ്‌.  ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യാതിരുന്ന പനച്ചവിള ചെമ്പകരാമനല്ലൂർ പ്രദേശത്താണ് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ആളുടെ പ്രാഥമിക സമ്പർക്കത്തിലൂടെ ആണ് മറ്റുള്ളവരിൽ രോഗം പകർന്നതെന്ന് കണക്കാക്കുന്നു. ഏരൂർ പഞ്ചായത്തിൽ രണ്ടുപേർക്ക് രോഗം ബാധിച്ചു.   ഇടമുളയ്ക്കൽ പെരിങ്ങള്ളൂർ സ്വദേശിക്കും കോവിഡ്‌ ബാധിച്ചു. ചെമ്പകരാമനല്ലൂർ, പനച്ചവിള  ഉൾപ്പെടുന്ന പ്രദേശത്ത് നിയന്ത്രണം നിലവിൽ വന്നു.  അഞ്ചൽ ഇൻസ്‌പെക്ടർ  എൽ അനിൽകുമാർ, എസ്‌ഐ ടി എം സജീർ എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News