സർക്കാർ ലക്ഷ്യം എല്ലാവർക്കും 
ആരോഗ്യസുരക്ഷ: കെ എൻ ബാലഗോപാൽ

നവകേരളവും നവനഗരസഭകളും കർമപരിപാടിയുടെ ജില്ലാതല ശിൽപ്പശാല മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


കൊല്ലം ശാസ്ത്രസാങ്കേതിക രംഗത്തെ പുരോഗതിയിലൂടെയുള്ള ജീവിതസൗകര്യങ്ങൾ മലയാളിക്കും അവകാശപ്പെട്ടതാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. മേയേഴ്സ് കൗൺസിൽ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻസ്‌, കില, കെഎംസിഎസ്‌യു എന്നിവ സംയുക്തമായി സംഘടിപ്പിച്ച "നവകേരളവും നവനഗരസഭകളും' കർമപരിപാടിയുടെ ജില്ലാതല ശിൽപ്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  എല്ലാവർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ്‌ സർക്കാർ ലക്ഷ്യം. അതിലേക്കുള്ള സുപ്രധാന  ചുവടുവയ്‌പാണ് ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെയുള്ളവർക്ക്‌ പരിരക്ഷ ലഭിക്കുന്ന മെഡിസെപ്‌ . സൈന്യത്തിൽപോലും കരാർ നിയമനം നടപ്പാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കു മുന്നിൽ ജനക്ഷേമത്തിന്റെയും കരുതലിന്റെയും  ശക്തമായ ബദലുയർത്തുകയാണ്‌ മെഡിസെപ്‌ പോലെയുള്ള പദ്ധതികളിലൂടെ സംസ്ഥാനം.  തദ്ദേശ സ്ഥാപനങ്ങൾ സ്വയം പര്യപ്‌തരാകണമെന്നും മന്ത്രി പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ ഷാജു,  ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി ചെയർമാൻ എസ് ജയൻ, കരുനാഗപ്പള്ളി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുനിമോൾ, പരവൂർ മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷ കല്ലുംകുന്ന് ഗീത എന്നിവർ സംസാരിച്ചു. കർമ പരിപാടിയുടെ സമീപനരേഖ കെഎംസിഎസ്‌യു ജനറൽ സെക്രട്ടറി പി സുരേഷ് അവതരിപ്പിച്ചു. കില പ്രതിനിധി കെ വി മുരളീധരൻ ആചാരി, യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എം രാജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം മനോജ്, ജി വിനോദ്, എം മുരുകൻ, ജില്ലാ പ്രസിഡന്റ്‌ ടി ജി രേഖ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് പ്രദീപ് സ്വാഗതവും കൊല്ലം യൂണിറ്റ് സെക്രട്ടറി ജി എസ് സുരേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News