കരുതലും തണലുമേകി പുനലൂർ
ജനമൈത്രി പൊലീസ്‌

കരവാളൂർ വട്ടമൺ ചെമ്പല്ലിക്കോണം ടി എസ് വില്ലയിൽ തങ്കച്ചനും സുധയ്‌ക്കും പുനലൂർ ജനമൈത്രി പൊലീസ്‌ പുനർനിർമിച്ചുനൽകിയ വീടിന്റെ താക്കോൽ 
സിആർഒ പി അനിൽകുമാർ കൈമാറുന്നു


പുനലൂർ  ജനമൈത്രി പൊലീസ്‌ കൈകോർത്തപ്പോൾ നിർധന കുടുംബത്തിന്‌ അടച്ചുറപ്പുള്ള വീടിന്റെ തണലൊരുങ്ങി. കരവാളൂർ വട്ടമൺ ചെമ്പല്ലിക്കോണം ടി എസ് വില്ലയിൽ തങ്കച്ചനും സുധയ്‌ക്കുമാണ്‌ പുനലൂർ ജനമൈത്രി പൊലീസ്‌ വീട്‌ നിർമിച്ചുനൽകിയത്‌.  തകർന്നടിഞ്ഞ്‌ ചോർന്നൊലിക്കുന്ന നിലയിലായിരുന്നു ഇവരുടെ വീട്‌. ആശാ വർക്കർ എലിസബത്താണ്‌ വീടിന്റെ ശോചനീയാവസ്ഥ ജനമൈത്രി സിആർഒ പി അനിൽകുമാറിനെ അറിയിച്ചത്‌. തുടർന്ന്‌ കുടുംബത്തിന്‌ ഭക്ഷ്യക്കിറ്റും കുട്ടിക്ക്‌ പഠനോപകരണങ്ങളും എത്തിച്ചുനൽകി. വീടിന്റെ ശോചനീയാവസ്ഥ ഡിവൈഎസ്‌പി ബി വിനോദ്, ഇൻസ്‌പെക്ടർ ബിനു വർഗീസ്,  എസ്‌ഐ ശരലാൽ എന്നിവരെ അറിയിച്ചതോടെയാണ്‌ വീട്‌ പുനർനിർമിക്കാൻ തീരുമാനിച്ചത്‌. പി അനിൽകുമാർ, ഡേവിഡ്സൺ, ഐക്കര ബാബു, വിനയൻ, സ്റ്റേഷൻ ഹോം ഗാർഡ് സുരേഷ്, ആശാവർക്കർ എലിസബത്ത്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമാണം. താക്കോൽദാനവും പി അനിൽകുമാർ നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ വിജേഷ് പി വിജയൻ, വെഞ്ചേമ്പ് മോഹൻദാസ്, ജനാർദനൻ, കുട്ടിയമ്മ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News