ചിരട്ടയ്‌ക്ക്‌ സന്തോഷം, സന്തോഷിന്‌ റെക്കോഡ്‌

സന്തോഷ്‌ ചിരട്ടകൊണ്ടുള്ള കരകൗശല ഉൽപ്പന്ന നിർമാണത്തിൽ


എഴുകോൺ വെളിയം പടിഞ്ഞാറ്റിൻകര ചരുവിള പുത്തൻവീട്ടിൽ സന്തോഷിന്‌ ചിരട്ട ചില്ലറക്കാരനല്ല. സന്തോഷിന്റെ കരവിരുതിനൊപ്പം സൂക്ഷ്‌മതയും സമംചേർന്നപ്പോൾ ചിരട്ടയിൽ പിറവിയെടുത്തത്‌ മനോഹരമായ കുഞ്ഞുതൊട്ടിലാണ്‌. അതുവഴി തെളിച്ചത്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സ്‌ എന്ന നേട്ടത്തിലേക്കും.നാലുദിവസം ക്ഷമയോടെയിരുന്നാണ് സന്തോഷ്‌ തേങ്ങയുടെ ചിരട്ട ഉപയോഗിച്ച് കുഞ്ഞുതൊട്ടിൽ നിർമിച്ചത്. ഹാക്സാ ബ്ലേഡ് ഉപയോഗിച്ചു ചിരട്ട ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം ഇരുവശവും സാൻഡ് പേപ്പർ  ഉരച്ചു മിനുസപ്പെടുത്തി. തുടർന്ന് കഷണങ്ങൾ ഉചിതമായ രീതിയിൽ ഒന്നിനു മുകളിൽ ഒന്നായി ഒട്ടിച്ചെടുത്തു. ഉളിയും ഡ്രിൽ മെഷീനും ഫയലും ഉപയോഗിച്ച് അലങ്കാരപ്പണിയും നടത്തി. കൈവെള്ളയിലൊതുങ്ങുന്ന തൊട്ടിലിന് 11 സെന്റീമീറ്റർ നീളവും ഒമ്പത്‌ സെന്റീമീറ്റർ വീതിയുമുണ്ട്.നിർമാണത്തിന്റെ ഒരോ ഘട്ടങ്ങളും വീഡിയോയിൽ പകർത്തി അപേക്ഷയോടൊപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർക്ക് അയച്ചു കൊടുത്തിരുന്നു. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ എഡിറ്റോറിയൽ ബോർഡ്‌ തൊട്ടിൽ പരിശോധിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിൽ ഇടംപിടിച്ചെന്ന സന്തോഷവാർത്തയും തേടിയെത്തി. ബാലസംഘം ക്യാമ്പുകളിൽ കുരുത്തോലകളിൽ കൗതുകവസ്തുക്കൾ നിർമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സന്തോഷ്‌ ചിരട്ട, മുള, ഈറ എന്നിവ ഉപയോഗിച്ച് സ്കൂട്ടർ, ബൈക്ക്, കാർ, കാളവണ്ടി, കുങ്കുമച്ചെപ്പ്, കളിവീണ, നിലവിളക്ക്, കിണ്ടി തുടങ്ങിയവ നിർമിച്ചിട്ടുണ്ട്. ബാലസംഘം ജില്ലാ കൺവീനറും സിപിഐ എം വെളിയം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കാെട്ടാരക്കര കാേ –-ഓപ്പറേറ്റീവ് ഇൻസ്പെക്ടറായ ആർ സുനിതയാണ്‌ ഭാര്യ. അഞ്ചാം ക്ലാസുകാരി നിരഞ്ജന മകളാണ്‌.   Read on deshabhimani.com

Related News