കാറ്റിലും മഴയിലും വീട് തകർന്നു



കൊല്ലം ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. തേവള്ളി പാലസ് നഗർ 46 വിളയിൽവീട്ടിൽ കെ പി ഷണ്മുഖന്റെ വീടാണ് വെള്ളിയാഴ്‌ച പകൽ തകർന്നു വീണത്. ഓടുമേഞ്ഞ വീടിന്റെ ഒരുവശം പൂർണമായും നിലംപൊത്തി. കാലപ്പഴക്കത്താൽ ചുമരുകൾ, കഴുക്കോലുകൾ എന്നിവ ക്ഷയിച്ചതും തകർന്നുവീഴാൻ കാരണമായി. ഷണ്മുഖനും മകളും അപകട സമയത്ത്‌ വീടിനു പുറത്തായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റവന്യൂ അധികൃതർ സ്ഥലത്തെത്തി. കൊട്ടിയം വെള്ളിയാഴ്ച വൈകിട്ട് വീശിയടിച്ച കാറ്റിലും മഴയിലും വെളിച്ചിക്കാല പ്ലാവിള വീട്ടിൽ കമലമ്മയുടെ വീട്‌  ഭാഗികമായി തകർന്നു.  കുടുംബാംഗങ്ങൾ വീടിനു പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇവർ പുതുതായി നിർമിച്ച അടുക്കളയുടെ ചിമ്മിനിയടക്കമാണ് തകർന്നത്. വീടിന്റെ മറ്റു ഭാഗങ്ങളും  തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. കമലമ്മയും കുടുംബവും തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ അഭയം തേടി. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.  നാലുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. Read on deshabhimani.com

Related News