ഡീസൽ നിറച്ചില്ല, 
ഉല്ലാസ നൗക തുറമുഖത്ത്‌



കൊല്ലം ശ്രീലങ്ക ഗാലീ പോർട്ടിൽനിന്ന് മംഗലാപുരത്തേക്കു പോകവെ കൊല്ലം തുറമുഖത്ത്‌ നങ്കൂരമിട്ട ഉല്ലാസ നൗകയിൽ ശനിയാഴ്‌ച ഡീസൽ നിറയ്‌ക്കാനായില്ല. എമിഗ്രേഷൻ നടപടികളും കസ്റ്റംസ്‌ ക്ലിയറൻസും നടക്കാത്തതിനാലാണിത്‌. നടപടികൾ പൂർത്തീകരിച്ചശേഷം ഡീസൽ നിറച്ച്‌ തിങ്കളാഴ്‌ച നൗക കൊല്ലം തീരം വിടുമെന്നാണ്‌ സൂചന. ചെറിയ യാത്രാക്കപ്പൽ ആയതിനാൽ ആയിരം ലിറ്റർ ഡീസലാണ്‌ വേണ്ടിവരിക. ഫ്രാൻസ്‌ രജിസ്‌ട്രേഷനും ഓസ്‌ട്രേലിയ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതുമായ ഉല്ലാസ നൗക വെള്ളി വൈകിട്ട്‌ 5.30നാണ്‌ കൊല്ലം തുറമുഖത്ത്‌ അടുപ്പിച്ചത്‌. ക്യാപ്‌റ്റൻ കതേറി റൗഹർ, സഹായി സെബാസ്റ്റ്യൻ ഹൗ എന്നിവരാണ്‌ നൗകയിൽ ഉണ്ടായിരുന്നത്‌. കടൽ സഞ്ചാരത്തിനായി ഇവർ വാടകയ്‌ക്കെടുത്തതാണ്‌ നൗക. ന്യൂസിലൻഡ്‌, തായ്‌ലന്റ്‌ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ്‌ ഇന്ത്യൻ തീരത്തേക്ക്‌ ഇവർ എത്തിയത്‌. മംഗലാപുരത്തേക്കുള്ള യാത്രയ്‌ക്കിടെ കാറ്റിന്റെ ഗതിമാറുകയും ഡീസൽ കുറവായതുമാണ്‌ കൊല്ലം തീരത്ത്‌ അടുപ്പിക്കാൻ കാരണമായത്‌. എമിഗ്രേഷൻ നടപടികൾക്കും കസ്റ്റംസ്‌ ക്ലിയറൻസിനും കൊല്ലം തുറമുഖം അധികൃതർ ശനിയാഴ്‌ച നടപടി സ്വീകരിച്ചു തുടങ്ങി. എമിഗ്രേഷൻ നടപടിക്ക്‌ തിരുവനന്തപുരം എഫ്‌ആർആർഒ ഓഫീസിനെ വിവരം അറിയിച്ചു. ഇതുപ്രകാരം എഫ്‌ആർആർഒ ഓഫീസിനുവേണ്ടി കൊല്ലം സിറ്റി പൊലീസ്‌ കമീഷണറാണ്‌ തുടർ നടപടി സ്വീകരിക്കേണ്ടത്‌. നൗകയിൽ ഡീസൽ നിറയ്‌ക്കാനുള്ള അനുമതി നൽകേണ്ടത്‌ കസ്റ്റംസാണ്‌. ഇതിനായി കൊല്ലത്തെ ഏജൻസി വഴി നൗകയിലുള്ള യാത്രക്കാർ കസ്റ്റംസിന്‌ അപേക്ഷ നൽകി. കസ്റ്റംസ്‌ എക്‌സ്‌പോർട്ട്‌ ബിൽ നൽകുമ്പോൾ മാത്രമാണ്‌ ഡീസൽ നിറയ്‌ക്കാനാകുക.  ക്യാപ്‌റ്റനും സഹായിയും നൗകയിൽത്തന്നെ കഴിയുകയാണ്‌. അവർക്ക്‌ തുറമുഖത്തേക്ക്‌ ഇറങ്ങാനും കസ്റ്റംസിന്റെ അനുമതി വേണം. വെള്ളിയാഴ്‌ച കൊല്ലത്തുള്ള സെൻട്രൽ ഐബി വിഭാഗവും തുറമുഖത്തെത്തി പരിശോധന നടത്തിയിരുന്നു. യാത്രക്കാരുടെ കൈവശമുള്ള രേഖയും പാസ്‌പോർട്ടും നിയമപ്രകാരം ഉള്ളതാണെന്ന്‌ പരിശോധനയിൽ ബോധ്യമായി.   Read on deshabhimani.com

Related News