4 വില്ലേജ്‌ ഓഫീസ്‌കൂടി സ്‌മാർട്ട്‌

ഉദ്ഘാടനത്തിന് ഒരുങ്ങിയ ഇടമുളയ്ക്കൽ സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസ്‌


കൊല്ലം ജില്ലയിൽ നാല്‌ വില്ലേജ്‌ ഓഫീസ് കൂടി സ്‌മാർട്ടാകുന്നു. നിർമാണം പൂർത്തീകരിച്ച കുന്നത്തൂർ, പോരുവഴി, ശാസ്താംകോട്ട, ഇടമുളയ്ക്കൽ വില്ലേജ് ഓഫീസുകളാണ്‌ വ്യാഴാഴ്ച റവന്യു മന്ത്രി കെ രാജൻ നാടിനു സമർപ്പിക്കുന്നത്‌. ഇതോടെ ജില്ലയിൽ ആദ്യഘട്ടം സ്‌മാർട്ടായ വില്ലേജ്‌ ഓഫീസുകൾ 26 ആകും. ആകെ 105 വില്ലേജ്‌ ഓഫീസുകളാണ്‌ ജില്ലയിലുള്ളത്‌. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ വില്ലേജ്‌ ഓഫീസുകൾ നവീകരിക്കുന്നത്‌. പവിത്രേശ്വരം, നിലമേൽ സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകളുടെ നിർമാണോദ്ഘാടനവും വ്യാഴാഴ്ച നടക്കും. സർക്കാർ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപവീതമാണ് വില്ലേജ്‌ ഓഫീസുകളുടെ നവീകരണത്തിന്‌ സർക്കാർ അനുവദിച്ചിട്ടുള്ളത്‌. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ്‌ ഒരുക്കിയത്‌. വിവിധ സേവനങ്ങൾക്കായി ഓഫീസിൽ എത്തുന്നവർക്കുള്ള വിശ്രമസൗകര്യം, കുടിവെള്ളം, ശുചിമുറി, കംപ്യൂട്ടർ അടക്കമുള്ള ഇലക്‌ട്രോണിക് സൗകര്യങ്ങൾ അടങ്ങിയതാണ്‌ സ്‌മാർട്ട്‌ വില്ലേജ് ഓഫീസുകൾ. നിർമിതിയ്ക്കാണ് നിർമാണച്ചുമതല. കുന്നത്തൂർ മണ്ഡലത്തിലെ കുന്നത്തൂർ, പോരുവഴി, ശാസ്താംകോട്ട വില്ലേജ് ഓഫീസുകളുടെ ഉദ്‌ഘാടനം രാവിലെ ഒമ്പതിന്‌ ശാസ്താംകോട്ടയിലും പവിത്രേശ്വരം സ്മാർട്ട് വില്ലേജ് ഓഫീസ്‌ കെട്ടിടത്തിന്റെ കല്ലിടൽ പകൽ 12ന് കളത്തട്ട് ജങ്‌ഷനിലും -നടക്കും. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനാകും. ഇടമുളയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന്‌ നടക്കും. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനാകും. നിലമേൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ കല്ലിടൽ വൈകിട്ട് 5.30ന് നടക്കും. ക്ഷീരവികസന- മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. Read on deshabhimani.com

Related News