നന്മ നിറഞ്ഞവൻ ശ്രീനിവാസൻ

ശ്രീനിവാസൻപിള്ള


കൊല്ലം കാക്കിയുടെ കാർക്കശ്യമല്ല, ഓർമകളിൽ തെളിയുക നന്മയുടെ അണയാത്ത വെളിച്ചം. എഴുകോൺ പൊലീസ്‌ സ്റ്റേഷനിലെ എഎസ്‌ഐ ശ്രീനിവാസൻപിള്ള(49) യാണ്‌ അവയവ ദാനത്തിലൂടെ ഉറ്റവരുടെ മനസ്സിൽ നന്മയുടെ വറ്റാത്ത ഉറവയായത്‌. കണ്ണും ഇരുവൃക്കയും കരളും ദാനംനൽകി മഹത്തായ മാതൃക കാണിച്ചാണ്‌ അദ്ദേഹം ജീവിതത്തിന്റെ പടികളിറങ്ങിയത്‌.    കുണ്ടറ പെരുമ്പുഴ ശ്രീമതി വിലാസത്തിൽ ശ്രീനിവാസൻപിള്ള ശനി രാവിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ സ്റ്റേഷനിലെ പടിക്കെട്ടിൽ തലകറങ്ങി വീഴുകയായിരുന്നു. ഉടനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചിരുന്നു. അവയവദാനത്തിന് നേരത്തേതന്നെ സമ്മതപത്രം നൽകിയ, നിരവധി ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം വഹിച്ചയാളാണ് ശ്രീനിവാസൻപിള്ള.  മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ഭാര്യ വി എസ് പ്രീതയും മറ്റു ബന്ധുക്കളും  അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണുകളും വൃക്കയും കരളും ദാനംചെയ്തു. കരൾ മാറ്റിവയ്ക്കാൻ കഴിഞ്ഞില്ലെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് ഒരുവൃക്ക നൽകിയത്. മറ്റ് അവയവങ്ങൾ സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി വഴി മറ്റു രോഗികൾക്ക് ലഭ്യമാക്കും. മൃതദേഹം എആർ ക്യാമ്പിലും തുടർന്ന് എഴുകോൺ പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിനുവച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ വാസുപിള്ളയുടെയും രാജമ്മയുടെയും മകനാണ് ശ്രീനിവാസൻപിള്ള. ഭാര്യ പ്രീത പ്ലാനിങ് ബോർഡ് ഉദ്യോഗസ്ഥയാണ്. മക്കൾ: ശ്രീലക്ഷ്മി, ഗായത്രി.  Read on deshabhimani.com

Related News